പ്രതിക്ക് എഴുന്നേൽക്കാൻ പോലും കഴിഞ്ഞിരുന്നില്ല; റിമാൻഡ് പ്രതി മരിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഡോക്ടർമാർ

By Web TeamFirst Published Jun 27, 2019, 1:12 PM IST
Highlights

എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്നും ജയിലിലേക്ക് കൊണ്ടുപോകരുതെന്ന് നിർദ്ദേശിച്ചിരുന്നതായും ആദ്യം ചികിത്സിച്ച ഡോക്ടർമാർ വെളിപ്പെടുത്തി. ജയിലേക്ക് പൊലീസുകാർ എടുത്താണ് കൊണ്ടുവന്നതെന്ന് പീരുമേട് സബ് ജയിൽ സൂപ്രണ്ടിന്‍റെ പ്രതികരണം

ഇടുക്കി: നെടുങ്കണ്ടത്ത് റിമാന്‍റിലായയാള്‍ സബ് ജയിലില്‍ മരിച്ച സംഭവത്തില്‍ പൊലീസിനെ പ്രതിക്കൂട്ടില്‍. പൊലീസ് വാദങ്ങള്‍ക്ക് വിരുദ്ധമാണ് രാജ്കുമാറിനെ ആദ്യം പരിശോധിച്ച ഡോക്ടറും ജയില്‍ സൂപ്രണ്ടും നല്‍കുന്ന പ്രതികരണം. ആശുപത്രിയില്‍ കൊണ്ടുവന്ന പ്രതി ഏറെ ഭയപ്പെട്ടിരുന്നുവെന്നും എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലായിരുന്നു രാജ്കുമാര്‍ ഉണ്ടായിരുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാലില്‍ നീരുണ്ടായിരുന്നു. ജയിലിലേക്ക് മാറ്റാന്‍ പറ്റിയ സാഹചര്യമല്ലായിരുന്നു രാജ്കുമാറിന്‍റേത് ഇത് പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇത് കേൾക്കാതെ ആണ് പ്രതിയെ കൊണ്ടുപോയതെന്നും നെടുങ്കണ്ടം ആശുപത്രിയിയിലെ ഡോക്ടർമാരായ വിഷ്ണു, പത്മദേവും പറയുന്നു. 

ജയിലില്‍ എത്തിക്കുമ്പോള്‍ രാജ്കുമാറിന്റെ നില മോശമായിരുന്നുവെന്ന് ജയില്‍ സൂപ്രണ്ടും വ്യക്തമാക്കുന്നു. 17ാം തിയതി പുലര്‍ച്ചെയാണ് രാജ്കുമാറിനെ ജയിലില്‍ എത്തിച്ചത്. പിറ്റേന്ന് ആരോഗ്യനില മോശമായപ്പോള്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മോശം ആരോഗ്യാവസ്ഥയിലുണ്ടായിരുന്ന പ്രതിയെ പൊലീസുകാർ എടുത്താണ് ജയിലിനകത്ത് എത്തിച്ചതെന്നും ജയിൽ സൂപ്രണ്ട് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കി. നെഞ്ചുവേദനയെ തുടർന്ന് ജയിലിൽ നിന്ന് വീണ്ടും പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രതി വൈകാതെ മരിക്കുകയായിരുന്നു. 

രാജ്കുമാറിന്‍റെ കാലിന് മുറിവേറ്റിരുന്നു. ഇയാൾ നേരെ നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലുമായിരുന്നു. ഇതെന്ത് പറ്റിയെന്ന് പൊലീസുകാർ ചോദിച്ചപ്പോൾ ഓടി മതിലിൽ കയറി, അവിടെ നിന്ന് വീണതാണെന്ന് പ്രതി പറഞ്ഞുവെന്നും പീരുമേട് സബ് ജയിൽ സൂപ്രണ്ട് ജി അനിൽകുമാർ പറയുന്നു. എന്നാൽ ഈ വെളിപ്പെടുത്തലിന് ആധികാരികതയില്ലെന്നാണ് പൊതുവിൽ ഉയരുന്ന ആരോപണം.

പൊലീസ് പറഞ്ഞത് 16-ാം തിയ്യതി രാവിലെ 8.30 നാണ് പ്രതിയെ ജയിലിലെത്തിച്ചതെന്നായിരുന്നു. എന്നാൽ ഇതിന് വിപരീതമായി 17-ാം തിയ്യതി പുലർച്ചെ ഒന്നരക്കാണ് രാജ് കുമാറിനെ ജയിലിലെത്തിച്ചതെന്നാണ് ജയിൽ സൂപ്രണ്ട് പറയുന്നത്. പിറ്റേന്ന് കാലത്തേക്ക് കുഴഞ്ഞ് വീഴുന്ന അവസ്ഥയിലേക്ക് രാജ് കുമാറിന്‍റെ സ്ഥിതി വഷളാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നുവെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു. 

രാജ്‌കുമാറിനെ പോലീസ് ക്രൂരമായി മർദിച്ചുവെന്നും അറസ്റ്റ് ചെയ്ത ശേഷം  105  മണിക്കൂറോളം പോലീസ് കസ്റ്റഡിയിൽ വെച്ചുവെന്നും കഴിഞ്ഞദിവസം പി ടി തോമസ് എം എല്‍ എ നിയമസഭയില്‍ ആരോപിച്ചിരുന്നു. പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയില്‍വച്ചാണ് രാജ്കുമാറിനെ മര്‍ദിച്ചുവെന്ന ആരോപണവും പൊലീസിനെതിരെ ഉയരുന്നുണ്ട്.  പോസ്റ്റ്മോർട്ടത്തിൽ രാജ്കുമാറിന്‍റെ ശരീരത്തിൽ പരിക്കുകൾ കണ്ടെത്തിയിരുന്നു. 

ഇതിനിടെ സംഭവത്തിൽ നാല് പൊലീസുകാരെ കൂടി സസ്പെൻഡ് ചെയ്തു. നെടുങ്കണ്ടം സ്റ്റേഷനിലെ റൈറ്റർ റോയ് പി വർഗീസ്, അസിസ്റ്റന്‍റ് റൈറ്റർ ശ്യാം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്തോഷ്, ബിജു എന്നിവർക്കാണ് സസ്പെൻഷൻ. കൃത്യനിർവഹണത്തിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപലിന്‍റെതാണ് നടപടി. ഇതോടെ കേസിൽ സസ്പെൻഷനിൽ ആവുന്ന പൊലീസുകാരുടെ എണ്ണം 8 ആയി. സംഭവവുമായി ബന്ധപ്പെട്ട് 9 പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്‍റിലായ വാഗമണ്‍ സ്വദേശി രാജ് കുമാർ പീരുമേട് സബ് ജയിലിൽ മരിച്ചത്. 

പീരുമേട് കസ്റ്റഡി മരണത്തിൽ ഉത്തരവാദികളായ പൊലീസുകാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡിജിപി പറഞ്ഞു.പൊലീസുകാരുടെ ഭാഗത്ത് ചില വിഴ്ചകൾ ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.

click me!