
തിരുവനന്തപുരം: കഠിനംകുളം ബലാൽസംഗ ശ്രമക്കേസിൽ ഭർത്താവിൻറെ ഗൂഢാലോചന തെളിയിക്കുന്ന കൂടുതൽ തെളിവുകള്‍ പൊലീസിന് ലഭിച്ചു. അന്വേഷണം തുടരുകയാണെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും റൂറല്‍ എസ്‍പി ബി അശോകന്‍ പറഞ്ഞു. അക്രമികളുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട സ്ത്രീ നൽകിയ മൊഴിയിൽ നിന്നും ഭർത്താവിന്‍റെ ഗൂഢാലോചന തുടക്കം മുതൽ പൊലീസ് സംശയിച്ചിരുന്നു. സംശയം ശരിവയ്ക്കുന്ന തെളിവുകളും മൊഴികളുമാണ് പൊലീസിന് ഇപ്പോള്‍ ലഭിക്കുന്നത്.
കേസില്‍ പിടികൂടാനുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ നൗഫലിന്‍റെ അറസ്റ്റോടെ ഗൂഢാലോചന സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. പ്രതികളിൽ രാജൻ എന്നയാള്‍ മാത്രമാണ് സ്ത്രീയുടെ ഭർത്താവിന്‍റെ സുഹൃത്ത്. മറ്റ് അഞ്ച് പ്രതികളെയും രാജനും സ്ത്രീയുടെ ഭത്താവും ചേർന്ന വിളിച്ച് വരുത്തിയതാണ്. രാജന്‍റെ വീട്ടിൽ വച്ചാണ് ഭാര്യക്ക് മദ്യം നൽകിയത്. ഇവര്‍ ഉറങ്ങിയശേഷം പുറത്ത് എത്തിയ ഭർത്താവും രാജനും സമീപമുണ്ടായിരുന്ന മറ്റ് പ്രതികളുമായും മദ്യപിച്ചു. പിന്നീടാണ് നൗഫിലിന്‍റെ ഓട്ടോയിൽ നാല് പേർ ചേർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് സ്ത്രീയെ കൊണ്ടുപോകുന്നത്.
മദ്യപസംഘത്തിലുണ്ടായിരുന്ന ഒരാളാണ് വീട്ടിൽ നിന്നും സ്ത്രീയെ വിളിച്ചറക്കുന്നത്. സ്ത്രീയെ തട്ടികൊണ്ടുപോകുമ്പോഴും ഭർത്താവ് സ്ഥലത്തുണ്ടായിരുന്നു. അക്രമിസംഘത്തിന്‍റെ പിടിയിൽ നിന്നും സ്ത്രീ രക്ഷപ്പെട്ട വിവരമറിഞ്ഞ ഭർത്താവ് ഇളയ കുട്ടിയെയുമെടുത്താണ് ഭാര്യവീട്ടിലെത്തുന്നത്. സാഹചര്യ തെളിവുകളിൽ നിന്നും മൊഴികളിൽ നിന്നും സ്ത്രീയെ മദ്യപ സംഘത്തിന്‍റെ അടുത്തെത്തിക്കാൻ ഭര്‍ത്താവ് ആസൂത്രിത നീക്കം നടത്തിയതായി കഠിനംകുളം പൊലീസ് പറയുന്നു.
ഭാര്യയെ തട്ടികൊണ്ടുപോകുന്നത് എന്തുകൊണ്ട് എതിർത്തില്ല, പരസ്പര ബന്ധമില്ലാത്തവർ എന്തിന് ആ സമയം ഒത്തുകൂടി, രക്ഷപ്പെട്ട ഭാര്യയോട് പരാതി നൽകരുതെന്ന് എന്തിന് ഭർത്താവ് ആവശ്യപ്പെട്ടു, തുടങ്ങിയ സംശയങ്ങളാണ് ഗൂഡോലചന ബലപ്പെടുത്തുന്നത്. മാത്രമല്ല രാജനില്‍ നിന്നും ഭർത്താവ് പണം വാങ്ങുന്നത് കണ്ടുവെന്നും സ്ത്രീ മൊഴി നൽകിയിട്ടുണ്ട്. ഭർത്താവ് ഉള്‍പ്പെടെ ആറു പ്രതികളെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam