
പാലക്കാട്: പാലക്കാട് സിഡബ്ല്യുസി ചെയര്‍മാനായിരുന്ന എന്‍ രാജേഷ് അധികാരം ദുർവിനിയോഗം ചെയ്ത് പ്രതികളെ സഹായിച്ചതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പ്രതികള്‍ക്കൊപ്പം ഇരയെ വിടാൻ എന്‍.രാജേഷ് നിര്‍ദേശിച്ചതായി വുമൺ ആന്‍റ് ചൈൽഡ് ഹോം ലീഗൽ അഡ്വൈസറായിരുന്ന സഹീറ നൗഫൽ പറഞ്ഞു. വനിതാ ശിശുക്ഷേമ വകുപ്പിന് പരാതി നല്‍കിയിട്ടും നടപടി ഏറെ വൈകിപ്പിച്ചതായും ആരോപണമുണ്ട്.
മണ്ണാർക്കാട് പ്രായപൂർത്തിയാവാത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ട കേസിലാണ് സിഡബ്ല്യുസി ചെയർമാനായിരിക്കെ അഡ്വ. എൻ രാജേഷ് വഴിവിട്ട് ഇടപെട്ടതായി ആരോപണം. കുട്ടിയുടെ അമ്മയും അമ്മമ്മയും പ്രതികളായ കേസിൽ കുട്ടിയെ ഇവർക്കൊപ്പം വിടണമെന്ന് എന്‍ രാജേഷ് നിർബന്ധിച്ചെന്നാണ് ആരോപണം. മാര്‍ച്ച് 6ന് സിഡബ്ല്യുസി ചെയര്‍മാനായി ചുമതലയേറ്റ എന്‍ രാജേഷ് 13-ാം തിയ്യതി വുമന്‍ ആന്‍ഡ് ചൈല്‍ഡ് ഹോമിലെത്തിയാണ് അവിടെ കഴിയുകയായിരുന്ന കുട്ടിയെ മാറ്റാൻ നിർബന്ധം പിടിച്ചത്.
വാളയാര്‍ കേസിന് സമാനമായി ഈ കേസിലും പ്രതികൾക്കായി കോടതിയില്‍ ഹാജരായത് അഡ്വ. എൻ രാജേഷ് ആയിരുന്നു. സിഡബ്ല്യുസി ചെയർമാനായശേഷം ഈ കേസും രാജേഷ് കൈമാറി. വിചാരണ അന്തിമഘട്ടത്തിലെത്തിയ ഈ കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമെന്ന് ആരോപണമുണ്ട്.
എന്നാൽ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഹോമിൽ ഏറ്റവും കൂടുതൽ കാലം താമസിച്ച കുട്ടിയെ എന്ത് കൊണ്ട് രക്ഷിതാക്കൾക്കെപ്പം അയക്കുന്നില്ലെന്നാണ് ചോദിച്ചതെന്നും എൻ രാജേഷ് വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam