ബദൽ സംവാദത്തിലേക്ക് കൂടുതൽ സർക്കാർ പ്രതിനിധികൾക്ക് ക്ഷണം, എത്ര പേർ വരും?

By Web TeamFirst Published Apr 30, 2022, 9:52 AM IST
Highlights

ബദൽ സംവാദത്തിലേക്ക് ഗതാഗതസെക്രട്ടറിക്ക് ക്ഷണക്കത്ത് നൽകും. പദ്ധതിയെക്കുറിച്ച് പഠിച്ച സിസ്ട്ര പ്രൊജക്ട് ഡയറക്ടറെയും ബദൽ സംവാദത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട് സിൽവർ ലൈൻ വിരുദ്ധ ജനകീയ പ്രതിരോധസമിതി.

തിരുവനന്തപുരം: മെയ് നാലാം തീയതി തിരുവനന്തപുരത്ത് നടക്കുന്ന ജനകീയ പ്രതിരോധസമിതിയുടെ സിൽവർ ലൈൻ ബദൽ സംവാദത്തിലേക്ക് കൂടുതൽ സർക്കാർ പ്രതിനിധികളെ ക്ഷണിച്ചു. ബദൽ സംവാദത്തിലേക്ക് ഗതാഗതസെക്രട്ടറിക്ക് ക്ഷണക്കത്ത് നൽകും. പദ്ധതിയെക്കുറിച്ച് പഠിച്ച സിസ്ട്ര പ്രൊജക്ട് ഡയറക്ടറെയും ബദൽ സംവാദത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

കെ റെയിൽ കമ്പനി നടത്തിയ സംവാദത്തിന് ബദലായി നടത്തുന്ന ജനകീയ സംവാദത്തിലേക്ക് നേരത്തേ കെ റെയിൽ എംഡിയെ നേരിട്ട് ക്ഷണിച്ചിരുന്നു. സമിതി ജനറൽ സെക്രട്ടറിയും പ്രസിഡന്‍റും നേരിട്ട് കെ റയിൽ ഓഫീസിലെത്തിയാണ് കത്ത് കൈമാറിയത്. സംവാദത്തിന്‍റെ ഘടന, ആരൊക്കെ പങ്കെടുക്കുമെന്ന് വിശദമാക്കുന്ന പാനലിന്‍റെ വിവരങ്ങൾ എന്നിവ നൽകണമെന്ന് കെ റെയിൽ എംഡി ആവശ്യപ്പെട്ടു. ഇതിന് ശേഷം പങ്കെടുക്കുന്ന കാര്യത്തിൽ എംഡി തീരുമാനമെടുക്കുമെന്നാണ് സൂചന. 

മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ ധനവകുപ്പ് മന്ത്രി തോമസ് ഐസകിനെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആയുർവേദ ചികിത്സയിലായതിനാൽ തോമസ് ഐസക് പങ്കെടുക്കാനാവില്ലെന്നറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലാണ്, അദ്ദേഹം പങ്കെടുക്കാനും സാധ്യത കുറവാണ്. 

മേയ് നാലിനാണ് സംവാദം നടക്കുക. രാഷ്ട്രീയപാർട്ടി പ്രതിനിധികൾ സംവാദത്തിലുണ്ടാകില്ല. അതത് മേഖലയിലെ വിദഗ്ദർ മാത്രമാണുണ്ടാവുക. കെ റെയിൽ കമ്പനി നടത്തിയ സംവാദത്തിൽ നിന്ന് പിന്മാറിയ സിസ്ട്ര ഉദ്യോഗസ്ഥൻ അലോക് വർമ്മ, പരിസ്ഥിതി വിദഗ്ധൻ ശ്രീധർ രാധാകൃഷ്ണൻ, ഒഴിവാക്കിയ ജോസഫ് സി മാത്യു, സംവാദത്തിൽ പങ്കെടുത്ത ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധി രഘുചന്ദ്രൻ നായർ, സാങ്കേതിക വിദഗ്ധൻ കുഞ്ചെറിയ പി ഐസക്, പദ്ധതിയെ എതിർക്കുന്ന ആർവിജി മേനോൻ എന്നിവരും പങ്കെടുക്കും. പദ്ധതിയെക്കുറിച്ച് പ്രാഥമിക പഠനം നടത്തിയ സിസ്ട്രയെയും സംവാദത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

ഈ സംവാദം വൈകിപ്പോയെന്നായിരുന്നു സംവാദത്തിൽ പങ്കെടുത്ത ആർവിജി മേനോന്‍റെ പ്രധാന വിമർശനം. പക്ഷെ വൈകി നടത്തിയ സംവാദത്തിൽ ഉയർന്ന നിർദ്ദേശങ്ങളും വിമർശനങ്ങളും സർക്കാറോ കെ റെയിലോ പരിഗണിക്കുമോ? ആർക്കും ഒരറിവുമില്ല. നിർദ്ദേശങ്ങൾ ക്രോഡീകരിച്ച്  സർക്കാറിന് സമർപ്പിക്കും, കെ റെയിൽ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്നാണ് പറയുന്നതെങ്കിലും പദ്ധതിയിൽ എന്തെങ്കിലും  മാറ്റമുണ്ടാകുമെന്ന് ആരും പറയുന്നില്ല.

ഏകപക്ഷീയമായി കാര്യങ്ങൾ നടപ്പാക്കുന്നു എന്ന ആക്ഷേപം ഇനി ഉന്നയിക്കാനാകില്ലല്ലോ എന്നാണ് കെ റെയിലിന്‍റെ ചോദ്യം. പക്ഷേ, സംവാദം തുടരുന്നതിൽ വ്യക്തതയില്ല. എന്ത് കൊണ്ട് സമരക്കാരെയും ഭൂമി നഷ്ടപ്പെടുന്നവരെയും കേൾക്കുന്നില്ലെന്ന ചോദ്യത്തിനും ഉത്തരമില്ല. 

അലോക് വർമ്മയെ നേരിടാൻ കെ റെയിൽ ക്ഷണിച്ച് കൊണ്ടുവന്ന സുബോധ് കുമാർ ജെയിൻ വർമ്മയുടെ വിമർശനങ്ങളെ സംവാദത്തിൽ തള്ളിക്കളഞ്ഞിരുന്നു. ആദ്യ പഠനം നടത്തിയ വ്യക്തിയുടെ അഭിപ്രായമല്ല, ഡിപിആർ തയ്യാറാക്കിയ സ്ഥാപനത്തിന്‍റെ നിഗമനമാണ് പ്രധാനമെന്നായിരുന്നു വാദം. സംവാദത്തിൽ വിട്ടുനിന്ന അലോക് വർമ്മ സംവാദം പ്രഹസനമായെന്ന് പറഞ്ഞ് സുബോധ് ജെയിനെ വിമർശിക്കുന്നു. സംവാദത്തിലേക്ക് ക്ഷണിക്കാതിരുന്ന മെട്രോമാൻ ഇ. ശ്രീധരൻ സംവാദം കൊണ്ട് മാറ്റമൊന്നും വരാൻ പോകുന്നില്ലെന്നാണ് പറഞ്ഞത്. 

click me!