ജോസഫ് പക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ മറുകണ്ടം ചാടുന്നു; പാര്‍ട്ടി വിപുലീകരിക്കാൻ ജോസ് വിഭാഗം

By Web TeamFirst Published Jun 2, 2021, 7:44 AM IST
Highlights

ഭരണത്തുടര്‍‍ച്ച ലഭിച്ചതോടെ മധ്യകേരളത്തില്‍ രാഷ്ട്രീയമായി വൻ മുന്നേറ്റത്തിനാണ് എല്‍ഡിഎഫ് നീക്കം. കേരളാ കോണ്‍ഗ്രസിനെ ഉപയോഗിച്ച് യുഡിഎഫ് സ്വാധീനമേഖലകളില്‍ കടന്ന് കയറുകയാണ് ലക്ഷ്യം. 

കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ചില മുതിര്‍ന്ന നേതാക്കള്‍ ജോസ് ക്യാമ്പിലേക്ക് കൂടുമാറുന്നു. ജോസ് കെ മാണിയുമായി ഇവര്‍ അനൗദ്യോഗിക ചര്‍ച്ച നടത്തി. ജോസഫ് വിഭാഗത്തിലെയും കോണ്‍ഗ്രസിലെയും അതൃപ്തരെ പാര്‍ട്ടിയിലെത്തിക്കാനാണ് സിപിഎം പിന്തുണയോടെ ജോസ് കെ മാണിയുടെ നീക്കം.

ഭരണത്തുടര്‍‍ച്ച ലഭിച്ചതോടെ മധ്യകേരളത്തില്‍ രാഷ്ട്രീയമായി വൻ മുന്നേറ്റത്തിനാണ് എല്‍ഡിഎഫ് നീക്കം. കേരളാ കോണ്‍ഗ്രസിനെ ഉപയോഗിച്ച് യുഡിഎഫ് സ്വാധീനമേഖലകളില്‍ കടന്ന് കയറുകയാണ് ലക്ഷ്യം. കോണ്‍ഗ്രസിലെ തമ്മിലടി മുതലാക്കുക ഒപ്പം നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട് അസംതൃപ്തരായി നില്‍ക്കുന്ന ജോസഫ് വിഭാഗത്തിലെ നേതാക്കളെ മറുകണ്ടം ചാടിക്കുക. നേതാക്കള്‍മാത്രം പോരാ അണികളെയും ഇടത് മുന്നണിയിലേക്ക് അടുപ്പിക്കണമെന്നാണ് സിപിഎം ജോസ് കെ മാണിക്ക് നല്‍കിയ നിര്‍ദേശം. പത്തനംതിട്ടയിലേയും എറണാകുളത്തേയും ചില ജോസഫ് പക്ഷക്കാരായ നേതാക്കളുമായി ജോസ് കെ മാണി പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയതായാണ് വിവരം.

ഇന്നും നാളെയും തിരുവനന്തപുരത്ത് തങ്ങുന്ന ജോസ് കെ മാണി സിപിഎം നേതാക്കളുമായി ഇത് സംബന്ധിച്ച കൂടിയാചോനകള്‍ നടത്തും. അടുത്തിടെ ലതികാ സുഭാഷിനെ പി സി ചാക്കോ മുൻകൈ എടുത്ത് എൻസിപിയിലെത്തിച്ചത് പോലെയാകും ജോസിന്‍റെയും നീക്കം. പക്ഷേ നേതാക്കളെ മാത്രം പാര്‍ട്ടിയിലേക്ക് കൊണ്ട് വരുന്നതിനെ ജോസിനൊപ്പം നില്‍ക്കുന്ന ചില നേതാക്കള്‍ എതിര്‍ക്കുന്നുമുണ്ട്. അടുത്തയാഴ്ച ചേരുന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ സ്റ്റീയറിംഗ് കമ്മിറ്റിയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!