മലപ്പുറം തിരൂരില്‍ കടുത്ത നിയന്ത്രണങ്ങള്‍; മീന്‍ മാര്‍ക്കറ്റ് അടയ്ക്കാന്‍ നിര്‍ദ്ദേശം

By Web TeamFirst Published Jul 20, 2020, 3:52 PM IST
Highlights

മലപ്പുറത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,240 പേര്‍ക്കാണ്. 

മലപ്പുറം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങള്‍. തിരൂരില്‍ മീന്‍ മാര്‍ക്കറ്റ് അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്ക് പരിശോധന നടത്തും. പെരിന്തല്‍മണ്ണയിലെ മത്സ്യമൊത്ത വ്യാപാര കേന്ദ്രവും അടയ്ക്കും. കൊണ്ടോട്ടിയില്‍ മത്സ്യ മൊത്തവിതരണ കേന്ദ്രം അടച്ചു. കൊയിലാണ്ടിയില്‍ നിന്ന് മത്സ്യവുമായെത്തിയ ആള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. മലപ്പുറത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,240 പേര്‍ക്കാണ്. 1,132 പേര്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുകയാണ്. ആകെ നിരീക്ഷണത്തിലുള്ളത് 40,930 പേരാണ്. 

അതേസമയം നഴ്‍സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നെഫ്രോളജി വാർഡ് അടച്ചു. എന്നാൽ നിലവിൽ വാർഡിലുള്ള രോഗികൾ തുടരും. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒപി യ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. വളരെ അത്യാവശ്യമുള്ളവർ മാത്രം ചികിത്സയ്ക്ക് എത്തിയാൽ മതിയെന്ന് സൂപ്രണ്ട് അഭ്യർത്ഥിച്ചു. നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്നലെ ഡോക്ടർമാരും നഴ്സുമാരും അടക്കം 24 പേർ നിരീക്ഷണത്തിൽ പോയിരുന്നു.

രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം മെഡിക്കൽ കോളേജിലെ ഏഴാം വാർഡ് ഉൾപ്പെടുന്ന നേത്ര വിഭാഗം അടച്ചു. ഡോക്ടർമാരും ജീവനക്കാരും നിരീക്ഷണത്തിൽ പോയി. കഴിഞ്ഞ ദിവസം അസ്ഥിരോഗ വിഭാഗം ഉൾപ്പെടുന്ന 11 ആം വാർഡിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡോക്ടർമാർ ഉൾപ്പടെ 20 പേരാണ് ഈ വിഭാഗത്തിൽ നിന്ന് നിരീക്ഷണത്തിൽ പോയത്.
 
 

click me!