Latest Videos

സെക്രട്ടേറിയറ്റിന് സുരക്ഷ കൂട്ടും; അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം അടുത്ത നടപടി

By Web TeamFirst Published Aug 26, 2020, 1:57 PM IST
Highlights

സെക്രട്ടേറിയറ്റില്‍ ഇന്നലെ തീപിടുത്തമുണ്ടായതിന് പിന്നാലെ വലിയ വിവാദമാണുണ്ടായത്. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ നഷ്ടമായെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു.

തിരുവനന്തപുരം: തീപിടുത്തത്തിന് പിന്നാലെ സെക്രട്ടേറിയറ്റിന് സുരക്ഷ കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം. അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും അടുത്ത നടപടി. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. പൊതുഭരണവകുപ്പിലുണ്ടായ തീപിടുത്തത്തിന് കാരണം സ്വിച്ചില്‍ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തം അന്വേഷിക്കുന്ന പൊലീസ് സംഘവും ഉദ്യോഗസ്ഥ സംഘവും സെക്രട്ടേറിയറ്റിൽ തെളിവെടുപ്പ് നടത്തി. ഫോറൻസിക് റിപ്പോർട്ട് കിട്ടിയാൽ മാത്രമേ അന്തിമ വിലയിരുത്തലിൽ എത്താനാകു എന്നാണ് അന്വേഷണ സംഘങ്ങളുടെ പ്രതികരണം. മുൻ വിജ്ഞാപനങ്ങളും അതിഥി മന്ദിരങ്ങളിൽ മുറികൾ അനുവദിച്ചതിന്‍റെ രേഖകളുമാണ് കത്തിനശിച്ചതെന്നാണ് എഫ്ഐആർ.  

സെക്രട്ടേറിയറ്റില്‍ ഇന്നലെ തീപിടുത്തമുണ്ടായതിന് പിന്നാലെ വലിയ വിവാദമാണുണ്ടായത്. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ നഷ്ടമായെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു. സെക്രട്ടേറിയറ്റില്‍ എല്ലാം ഇ ഫയലുകളാണെന്നും തീപിടുത്തത്തില്‍ അതൊന്നും നഷ്ടപ്പെടില്ലെന്നും, അഥവാ നഷ്ടപ്പെട്ടാലും അത് തിരിച്ചെടുക്കാനാകുമെന്നുമായിരുന്നു വാദം. എന്നാല്‍ നയതന്ത്ര ബാഗുമായി ബന്ധപ്പെട്ട സെക്രട്ടേറിയറ്റിലെ ഫയലുകള്‍ ഇ ഫയലുകളല്ല, എല്ലാം പേപ്പര്‍ ഫയലുകളാണ്. ഇന്നലത്തെ തീപിടുത്തത്തില്‍ ഇതൊന്നും നഷ്ടപ്പെട്ടിട്ടില്ല. എല്ലാം സുരക്ഷിതമായി റാക്കുകളിലുണ്ട്. 

എന്‍ഐഎക്ക് കൈമാറിയ രേഖകളുടെ ഒറിജിനല്‍ കോപ്പികളെല്ലാം ഈ പ്രോട്ടോകോള്‍ വിഭാഗത്തിലാണുള്ളത് എന്നതാണ് ഗൗരവതരമായ കാര്യം. കഴിഞ്ഞമാസം 13ന് പൊതുഭരണവകുപ്പ് തീപിടുത്ത സാധ്യത ചൂണ്ടിക്കാണിച്ച് സെക്രട്ടേറിയറ്റില്‍ ഒരു സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം, ഇ ഫയല്‍ സംവിധാനമുള്ളപ്പോഴും ഫയലുകള്‍ കൂടിക്കിടക്കുന്നത് തീപിടുത്ത സാധ്യതയുണ്ടാക്കുന്നതാണ്. എല്ലാ ഉപകരണങ്ങളും ഉപയോഗ ശേഷം ഓഫാക്കണണമെന്നതടക്കം 10 നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഇറക്കി ഒരു മാസം പിന്നിടുമ്പോഴാണ് സെക്രട്ടേറിയറ്റിലെ ഏറ്റവും തന്ത്രപ്രധാന സ്ഥലത്ത് തീപിടുത്തമുണ്ടായത്.

 


 

click me!