ഫ്ലാറ്റുടമകൾക്ക് പിന്തുണയുമായി കോടിയേരിയും ചെന്നിത്തലയും: പൊളിക്കാൻ ഏജൻസികളെ ക്ഷണിച്ച് നഗരസഭ

By Web TeamFirst Published Sep 12, 2019, 6:07 PM IST
Highlights

കണ്ണിൽച്ചോരയില്ലാത്ത നടപടിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. അടിയന്തര സര്‍വകക്ഷി യോഗം
വിളിക്കണമെന്ന് ഉമ്മന്‍ചാണ്ടി. ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടി വരികയാണെങ്കില്‍ തക്കതായ നഷ്ടപരിഹാരം നല്‍കുകയും പുനരധിവസിപ്പിക്കുകയും വേണമെന്ന് രമേശ് ചെന്നിത്തല. 

കൊച്ചി: മരടിൽ സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട ഫ്ലാറ്റുടമകൾക്ക് പിന്തുണയുമായി സിപിഎമ്മും കോൺഗ്രസും. കണ്ണിൽച്ചോരയില്ലാത്ത നടപടിയാണ് സുപ്രീംകോടതിയുടേതെന്നും, ഫ്ലാറ്റിലെ താമസക്കാരുടെ പ്രയാസങ്ങൾ സുപ്രീംകോടതിയെ അറിയിച്ചു തുടർ നടപടി സ്വീകരിക്കാൻ സിപിഎം മുൻകൈ എടുക്കുമെന്നും കോടിയേരി വ്യക്തമാക്കി. നിയമപരമായി എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കണമെന്ന് സിപിഎം സർക്കാരിനോട് ആവശ്യപ്പെടും. ഫ്ലാറ്റ് പൊളിക്കുകയെന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നും മറ്റുള്ളവരുടെ തെറ്റിന് ഫ്ലാറ്റിലെ താമസക്കാരെ ശിക്ഷിക്കരുതെന്നും കോടിയേരി ആവശ്യപ്പെട്ടു. 

മരട് ഫ്ലാറ്റുടമകളെ കാണാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെത്തും. ഈ മാസം 14 ന് രാവിലെ 10 മണിക്ക് സിപിഎം നേതൃത്വത്തിൽ മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് പിന്തുണ പ്രഖ്യാപിച്ച് മാർച്ച് നടത്തും.

സിപിഎം മരടിലെ ഫ്ലാറ്റുടമകൾക്കൊപ്പമെന്ന് നേരത്തേ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. സഖ്യകക്ഷിയായ സിപിഐയുടെ മരട് ലോക്കൽ കമ്മിറ്റിയുടെ നിലപാടുകൾ തള്ളിയാണ് സിപിഎം ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കുന്നത്. ഫ്ലാറ്റുടമകളെ ഒഴിപ്പിക്കുന്നതിൽ വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ജില്ലാ നേതൃത്വം കൃത്യമായ നിലപാടെടുക്കുന്നത്. മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള വിധിയിൽ സംസ്ഥാന സർക്കാർ അപ്പീൽ നൽകണമെന്ന് സിപിഎം ആവശ്യപ്പെടും. അടിയന്തരമായി വിഷയത്തിൽ സുപ്രീംകോടതിയെ വിവരങ്ങൾ അറിയിക്കണമെന്നും സിപിഎം സർക്കാരിനോട് പറയും.

സിപിഐ മരട് ലോക്കൽ കമ്മിറ്റിയുടെ നിലപാടിനെ സി എൻ മോഹനൻ പാടേ തള്ളുന്നു. സിപിഐയുടെ ജില്ലാ നേതൃത്വമോ സംസ്ഥാന നേതൃത്വമോ നിലപാട് പറയട്ടെ എന്നാണ് സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറയുന്നത്. 

പെരുവഴിയിലേക്ക് ഇറക്കിവിടരുതെന്ന് അഭ്യർത്ഥിച്ച് ഫ്ലാറ്റുടമകൾ രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിക്കും മരടിലെ ഫ്ലാറ്റുടമകൾ സങ്കടഹർജി നൽകാനൊരുങ്ങുമ്പോഴാണ് സിപിഎം നിലപാട് വ്യക്തമാക്കുന്നത്. സംസ്ഥാനസർക്കാരോ നഗരസഭയോ ഒരു പിന്തുണയും നൽകിയില്ലെന്ന് ഫ്ലാറ്റുടമകൾ തന്നെ ആരോപിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രതിഷേധവും ജനരോഷവും തണുപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

ഫ്ലാറ്റുടമകൾക്കൊപ്പമെന്ന് ചെന്നിത്തലയും ഉമ്മൻചാണ്ടിയും

മരടിലെ ഫ്‌ളാറ്റ് സമുച്ചയം പൊളിക്കുന്നതില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ മാനുഷിക പരിഗണനയോടെ അനുഭാവ പൂര്‍ണ്ണമായ നിലപാട് സ്വീകരിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ സ്വരൂപിച്ചാണ് മിക്കവരും ഫ്‌ളാറ്റുകള്‍ വാങ്ങിയത്. ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചവരും അതിന് അനുമതി നല്‍കിയവരും വരുത്തി വച്ച തെറ്റിന് ഫ്‌ളാറ്റിലെ താമസക്കാരെ ശിക്ഷിക്കുന്നത് ശരിയല്ല. ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടി വരികയാണെങ്കില്‍ തക്കതായ നഷ്ടപരിഹാരം നല്‍കുകയും പുനരധിവസിപ്പിക്കുകയും വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധി  സൃഷ്ടിച്ച ഗുരുതരമായ സ്ഥിതിവിശേഷം ചര്‍ച്ച ചെയ്യാൻ അടിയന്തരമായി സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് ഉമ്മൻചാണ്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്. 

പൊളിക്കാനുറച്ച് നഗരസഭ

ഫ്ലാറ്റുകൾ പൊളിക്കണമെന്ന സുപ്രീംകോടതിയുടെ കർശന നിർദേശം നിലനിൽക്കുന്നതിനാൽ പൊളിക്കുമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് മരട് നഗരസഭ. ഫ്ലാറ്റുകൾ പൊളിച്ച് മാറ്റാൻ ഏഴ് വിദഗ്‍ധ ഏജൻസികളുടെ അപേക്ഷ മരട് നഗരസഭയ്ക്ക് ലഭിച്ചിട്ടുണ്ട്. ആ മാസം 16-ന് കമ്പനികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. ഐഐടി വിദഗ്‍ധരുടെ മേൽനോട്ടത്തിലാവണം ഫ്ളാറ്റുകൾ പൊളിക്കണ്ടതെന്നാണ് മരട് നഗരസഭയുടെ തീരമാനം. ഏത് ഐഐടിയുടെ നേതൃത്വത്തിലാണ് ഫ്ലാറ്റുകൾ പൊളിക്കേണ്ടതെന്ന് പിന്നീട് തീരുമാനിക്കും. 

click me!