
തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് (Pappanamcode) കെഎസ്ആര്‍ടിസി (KSRTC) ബസ് തടയാനെത്തിയത് അമ്പതിലധികം സമരാനുകൂലികൾ. സിപിഎം പ്രവർത്തകർ ആക്രമിക്കാനെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അമ്പതോളം സമരക്കാർക്കെതിരെ കരമന പൊലീസ് കേസെടുത്തിട്ടുണ്ട്.
സമരക്കാരുടെ അക്രമം ആസൂത്രിതമാണെന്നാണ് മര്‍ദ്ദനമേറ്റ ബസ് ജീവനക്കാർ പറയുന്നത്. ബസ് വരുന്നതിന്‍റെ വിവരവും ഡ്രൈവറുടെയും കണ്ടക്ടറുടെയും ഫോട്ടോകളും സമരാനുകൂലികള്‍ നേരത്തെ ശേഖരിച്ചിരുന്നു. വാട്ട്സാപ്പ് വഴി മുന്‍കൂട്ടി വിവരം നല്‍കിയെന്നും മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു. ബസ് തടഞ്ഞുനിര്‍ത്തി ദേഹത്ത് തുപ്പിയെന്നും ജീവനക്കാര്‍ ആരോപിച്ചു.
എന്നാല്‍, മര്‍ദ്ദിച്ചിട്ടില്ലെന്നും സര്‍വ്വീസ് നടത്തരുതെന്ന ആവശ്യമാണ് തങ്ങള്‍ ഉന്നയിച്ചതെന്നും സമരക്കാര്‍ പറയുന്നു. തിരുവനന്തപുരത്ത് നിന്നും കളിയിക്കാവിളയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് പാപ്പനംകോട് ജംഗ്ഷനിൽ വച്ചാണ് സമരാനുകൂലികള്‍ തടഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം. കണ്ടക്ടറേയും ഡ്രൈവറേയും കയ്യേറ്റം ചെയ്തിരുന്നു. തുടര്‍ന്ന് കണ്ടക്ടർ ശരവണഭവനും ഡ്രൈവർ സജിയും ആശുപത്രിയിൽ ചികിത്സതേടി.
കൊല്ലത്തും കെഎസ്ആര്‍ടിസി ജീവനക്കാരന് മർദ്ദനം
എം സി റോഡിൽ പുത്തൂർമുക്കിലും കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ സമര അനുകൂലികൾ മർദ്ദിച്ചു. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ദിലീപ് ഖാനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ ഡ്രൈവറെ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam