പ്രവർത്തകയുടെ മോർഫ് ചെയ്ത അശ്ലീലചിത്രം പ്രചരിപ്പിച്ചു: കെഎസ്‍യു നേതാക്കൾക്കെതിരെ കേസ്

By Web TeamFirst Published Mar 3, 2020, 4:34 PM IST
Highlights

കെഎസ്‍യുവിന്‍റെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാൾക്ക് അടക്കം എതിരെയാണ് തൊടുപുഴ മുട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്. മോർഫ് ചെയ്ത വീഡിയോ ദൃശ്യം കിട്ടിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

തിരുവനന്തപുരം: വനിതാ പ്രവർത്തകയുടെ മോർഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് കെഎസ് യു നേതാക്കൾക്കെതിരെ കേസ്. സംസ്ഥാന ജനറൽ സെക്രട്ടറി ബാഹുൽ കൃഷ്ണ,തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് സെയ്ദാലി എന്നിവർക്കെതിരെയാണ് കേസ് . കെഎസ് യു പ്രവർത്തകയായ പെണ്‍കുട്ടിയുടെ പരാതിയിൽ തൊടുപുഴ മുട്ടം പൊലീസാണ് കേസെടുത്തത്.

ജനുവരി പത്ത് മുതൽ തന്‍റെ ഫോട്ടോ വച്ച് മോർഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചെന്നാണ് പ്രവർത്തകയുടെ പരാതി. കെഎസ്യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി സജ്‍നയാണ് ആദ്യം ഈ  വീഡിയോ തൻറെ സുഹൃത്തിന് കാട്ടിയതെന്നാണ് യുവതിയുടെ പരാതി. പിന്നീട് പല സുഹൃത്തുക്കളും വീഡിയോ കണ്ടതായി തന്നെ അറിയിച്ചു. കെഎസ് യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ,തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് സെയ്ദാലി, എന്നിവർ വീഡിയോ പ്രചരിപ്പിച്ചെന്നാണ് വനിതാ പ്രവർത്തകയുടെ പരാതി . ഫെബ്രുവരി 20 നാണ് പരാതി നൽകിയത്.ഫെബ്രുവരി 24ന് മുട്ടം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തും മുട്ടം പൊലീസ് എത്തി.

പരാതിയിൽ പറയുന്ന വീഡിയോ ഇതുവരെ കണ്ടെത്താൻ കഴി‍ഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.പെണ്‍കുട്ടി എൻഎസ്‍യു നേതൃത്വത്തിനും വനിതാകമ്മീഷനും പരാതി നൽകിയിട്ടുണ്ട്. പരാതി വ്യാജമാണെന്ന് ബാഹുൽ കൃഷ്ണയും,സെയ്ദാലിയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതിക്ക് പിന്നിൽ ഗ്രൂപ്പ് പോരിൻറെ പേരിലുള്ള ഗൂഢാലോചനയാണെന്നും ഇരുവരും ആരോപിച്ചു.

click me!