
തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. പുറത്തു വരുന്ന കണക്കുകള്‍ പ്രകാരം കേരളത്തില്‍ റവന്യൂ കമ്മി 27,846 കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഇത് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12% ആണ്. ഇത് കൂടാതെ സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 71% ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, പലിശ തിരിച്ചടവ് എന്നിവയ്ക്കാണ് ചെലവഴിക്കുന്നതെന്ന് യുഡിഎഫ് ആരോപിക്കുന്നു.
പണം ഈ രീതിയില്‍ ചെലവിടുന്നത് സംസ്ഥാനത്തിന്റെ വളര്‍ച്ചയെ നേരിട്ട് ബാധിക്കുന്നുവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരിന്റെ വലിയൊരു വിഹിതം വരുമാനം ഭരണച്ചെലവുകള്‍ക്കായി ചെലവഴിക്കുന്നതിനാല്‍, വികസന പദ്ധതികള്‍ക്കും പുതിയ നിക്ഷേപങ്ങള്‍ക്കും ആവശ്യമായ ഫണ്ടുകള്‍ കുറയുന്നതായി പറയുന്നു. പുതിയ വ്യവസായം തുടങ്ങാനോ അടിസ്ഥാന സൗകര്യ വികസനം നടത്താനോ സര്‍ക്കാര്‍ മതിയായ രീതിയില്‍ ഇടപെടുന്നില്ലെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു.
ഈ സാമ്പത്തിക ഘടനയുടെ ഏറ്റവും വലിയ ആഘാതം നേരിടുന്നത് സംസ്ഥാനത്തെ യുവാക്കളാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും സമയത്ത് ലഭിക്കുന്നുണ്ടെങ്കിലും, പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല എന്നത് ഗൗരവമുള്ള വിഷയമാണ്. ഉന്നത വിദ്യാഭ്യാസം നേടിയ ആയിരക്കണക്കിന് യുവാക്കള്‍ ജോലി തേടി സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ട സാഹചര്യമുണ്ടെന്നും ആക്ഷേപമുണ്ട്.
വരുമാനത്തിന്റെ വലിയൊരു വിഹിതം സ്ഥിരം ചെലവുകള്‍ക്കായി മാറ്റിവെക്കുമ്പോള്‍, കേരളത്തില്‍ പുതിയ തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള നിക്ഷേപം കുറയുന്നുവെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു. പുതിയ പദ്ധതികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായ വികസനം എന്നിവയ്ക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ലഭിക്കാതെ പോകുന്നുവെന്നും യുഡിഎഫ് പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam