
കൊച്ചി: എറണാകുളത്തുണ്ടായ കനത്ത മഴയെ തുടർന്ന് റെയില്‍വേ സിംഗ്നലുകളുടെ പ്രവര്‍ത്തനം തകരാറില്‍. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം നിൽക്കുന്നത് എറണാകുളം ടൗൺ, എറണാകുളം ജംഗ്ഷൻ സ്റ്റേഷനുകളിൽ സിഗ്നലുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ദീര്‍ഘദൂര ട്രെയിനുകള്‍ അടക്കം വൈകിയാണ് ഓടുന്നത്.
ട്രെയിൻ 16650 നാഗർകോവിൽ - മംഗളൂരു പരശുറാം എക്സ്പ്രസ്സ് എറണാകുളം ടൗൺ സ്റ്റേഷന്‍ വഴി തിരിച്ചുവിട്ടു. ട്രെയിൻ 12618 നിസാമുദ്ദിൻ - എറണാകുളം മംഗള എക്സ്പ്രസ്സ് എറണാകുളം ടൌൺ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിച്ചു. കൊല്ലം - എറണാകുളം മെമു എക്സ്പ്രസ് ഇന്ന് തൃപ്പുണിത്തുറ വരെ മാത്രമേ സർവീസ് നടത്തു. 12081 കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, 17230 സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി എന്നിവ ആലപ്പുഴ വഴി സർവീസ് നടത്തും.
വീണ്ടും തീവ്ര മഴ മുന്നറിയിപ്പ്, എറണാകുളം ഉൾപ്പെടെ 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് വീണ്ടും തീവ്ര മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ആദ്യം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും, പത്ത് മണിയോടെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ 12 മണിയോടെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കുമരകത്താണ് കഴിഞ്ഞ 12 മണിക്കൂറിനിടെ ഏറ്റവും അധികം മഴ ലഭിച്ചത്. 148.5 മില്ലീമീറ്റർ. റെഡ് അലർട്ടിന് സമാനമായ മഴയാണ് ഇത്.
കഴിഞ്ഞ 12 മണിക്കൂറിനിടയിലെ മഴ
കുമരകം -- 148.5 mm
തൈക്കാട്ടുശ്ശേരി (ആലപ്പുഴ)-- 99.5 mm
ചൂണ്ടി (എറണാകുളം)-- 80.5 mm
പള്ളുരുത്തി (എറണാകുളം) -- 72 mm
കളമശ്ശേരി (എറണാകുളം) -- 71 mm
എറണാകുളത്തും കോട്ടയത്തും ആലപ്പുഴയിലും കനത്ത മഴ തുടരുകയാണ്. എറണാകുളത്ത് കനത്ത മഴയിൽ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. കൊച്ചി നഗരം, ഹൈക്കോടതി പരിസരം, നോർത്ത് റയിൽവേ സ്റ്റേഷൻ പരിസരം, കലൂർ, എം ജി റോഡ്, മണവാട്ടിപ്പറമ്പ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായതോടെ, ഹൈക്കോടതി സിറ്റിംഗ് ഇന്ന് 11 മണിക്കേ ആരംഭിക്കൂ. കലൂരിൽ, മെട്രോ സ്റ്റേഷന് എതിർവശം പെട്രോൾ പമ്പിന്റെ മേൽക്കൂര കനത്ത കാറ്റിലും മഴയത്തും തകർന്നു വീണു. കലൂരിൽ ഉൾപ്പെടെ വാഹന ഗതാഗതം ഭാഗിഗമായി തടസ്സപ്പെട്ടു.
ആലപ്പുഴയിലും കനത്ത മഴയുണ്ട്. അപ്പർ കുട്ടനാട്ടിലും ലോവർ കുട്ടനാട്ടിലും മഴ ശക്തമാണ്. കിഴക്കൻ വെള്ളത്തിന്റെ ഒഴുക്കും വർധിച്ചിട്ടുണ്ട്. ചെങ്ങന്നൂരിൽ 3 ക്യാമ്പുകൾ തുടങ്ങി. നിരവധി കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഉച്ചയോടെ കൂടുതൽ ക്യാമ്പുകൾ തുറന്നേക്കും. കോട്ടയത്തും മഴ ശക്തമാണ്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു.