
തിരുവനന്തപുരം: സബ്ജക്ട് കമ്മറ്റി പരിഗണിച്ച ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സഭ അധികാരപ്പെടുത്താതെ പുതിയ ഭേദഗതി ചേർത്തത് ചട്ട വിരുദ്ധമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. എന്നാല്‍ ബില്ലിൽ സബ്ജക്ട് കമ്മിറ്റിക്ക് മാറ്റം വരുത്താം എന്ന് നിയമ മന്ത്രി പറഞ്ഞു. സഭക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്കും ഉണ്ടെന്ന് പി രാജീവ് വ്യക്തമാക്കി. പ്രതിപക്ഷത്തിന്‍റെ ക്രമ പ്രശ്‌നം തള്ളി സ്പീക്കർ റൂളിംഗ് നല്‍കി.
ബില്ലില്‍ ഓപ്പണ്‍ ചെയ്യാത്ത മൂലനിയമത്തിലെ വകുപ്പുകള്‍ക്ക് സബ്ജക്ട് കമ്മിറ്റി തലത്തില്‍ ഭേദഗതി നിര്‍ദ്ദേശം വരുന്നതിലും സഭ അത് പരിഗണിക്കുന്നതിലും ഏതെങ്കിലും തരത്തിലുള്ള അപാകം ഉള്ളതായി കാണുന്നില്ല. മുമ്പ് പല സന്ദര്‍ഭങ്ങളിലും ഈ രീതി സഭയില്‍ അവലംബിച്ചിട്ടുള്ളതായി കാണുന്നതിനാല്‍ ഉന്നയിച്ച ക്രമപ്രശ്നം നിലനില്‍ക്കുന്നതല്ലെന്നായിരുന്നു സ്പീക്കറുടെ റൂളിംഗ്.
ലോകായുക്തയുടെ പല്ലും നഖവും പറിച്ചു കളഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.ലോകായുക്ത വിധിയിൽ എങ്ങിനെ നിയമസഭക്ക് തീരുമാനം എടുക്കാൻ ആകും ?മുഖ്യമന്ത്രിക്ക് എതിരായ ലോകയുക്ത വിധിയെ നിയമസഭ ഒരിക്കലും അംഗീകരിക്കില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു
അഴിമതി കേസിൽ ലോകയുക്ത വിധിയോടെ പൊതു പ്രവർത്തകർ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് എടുത്ത് കളഞ്ഞത്..പകരം മുഖ്യമന്ത്രിക്ക് എതിരായ വിധിയിൽ പൂന പരിശോധന അധികാരം നിയമസഭക്ക് നൽകുന്ന ഭേദഗതി ആണ് കൊണ്ട് വന്നത്.മന്ത്രിമാർക്ക് എതിരായ വിധി മുഖ്യമന്ത്രിക്കും എം എൽ എമാർക്ക് എതിരായ വിധി സ്പീക്കർക്കും പരിശോധിക്കാം.സി പി ഐ മുന്നോട്ടു വെച്ച ഭേദഗതി സർക്കാർ ഔദ്യോഗിക ഭേദഗതി ആക്കുക ആയിരുന്നു.പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പിനിടെ ബിൽ പാസ്സാകും എങ്കിലും ഗവർണർ ഒപ്പിടുമോ എന്നുള്ളതാണ് ആകാംക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam