
കൊല്ലം: വീട്ടിനുള്ളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു. കുണ്ടറ നെടുമ്പനയിലാണ് സംഭവം. പത്താം വാർഡ് ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ അജിത്തിന്‍റെ ഭാര്യ ശ്രീദേവി (28), മകൻ ആദിദേവ് (5) എന്നിവർക്കാണ് പരിക്കേറ്റത്. അമ്മയ്ക്കും കുഞ്ഞിനും പൊള്ളലേറ്റിട്ടുണ്ട്. കുഞ്ഞിന് ദേഹമാസകലവും പൊള്ളലേറ്റു. അമ്മയ്ക്ക് വയറിന്‍റെ ഭാഗത്താണ് പൊള്ളൽ. പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലില്‍ വീട്ടിലെ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിക്കുകയും വയറുകൾ കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ വീടിന്‍റെ ചുവരിനും കിണറിനും തകരാർ സംഭവിച്ചു. ശ്രീദേവിയും ആദിദേവും മറ്റ് രണ്ട് മക്കളും ഭർതൃ മാതാവ് നന്ദിനിയ്ക്കൊപ്പം വീടിന്‍റെ മുൻവശത്തെ മുറിയിൽ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുകയായിരുന്നു.
ശ്രീദേവിയും ആദിദേവും അടുക്കളയിലേക്ക് പോയപ്പോഴാണ് ശക്തമായ ഇടിയും മിന്നലും ഉണ്ടായത്. ഇരുവരുടെയും നിലവിളി കേട്ട് നന്ദിനിയും മറ്റു മക്കളും അടുക്കള ഭാഗത്തേക്ക് എത്തിയപ്പോഴാണ് അമ്മയും കുഞ്ഞും നിലത്തു കിടക്കുന്നത് കണ്ടത്. ബഹളം കേട്ട് എത്തിയ അയൽവാസികളും ചേർന്നാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ആദ്യം നെടുമ്പന ടിബി ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. കുഞ്ഞിന്‍റെ നില ഗുരുതരമായതോടെയാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു കൊണ്ടു പോയത്. 2 മണി കഴിഞ്ഞതോടെ മഴ നേരിയ തോതിൽ ശമിച്ചെങ്കിലും മിന്നലും ഇടിയുംശക്തമാവുകയായിരുന്നു. കുറച്ച് നാൾ മുൻപും ഇതേ ഭാഗത്ത് ഒരു വീട്ടിൽ ഇടിമിന്നലേറ്റിരുന്നതായ് പഞ്ചായത്തംഗം നിസാമോൾ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam