
ആലപ്പുഴ: അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടിയ സംഭവത്തിൽ മകൻ പൊലീസ് കസ്റ്റഡിയിൽ. പള്ളിത്തോടുകാട് നികർത്ത് ഗിരീഷി(49)നെയാണ് കുത്തിയതോട് പൊലീസ് കസ്റ്റഡിയിലെടുത്തത്. അമ്മ രാധ(75)യെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതാണെന്ന സംശയത്തിലാണ് പൊലീസ് നടപടി. കഴിഞ്ഞദിവസം വൈകീട്ടോടെയാണ് സംഭവം പുറത്തറിയുന്നത്. ചൊവ്വാഴ്ച രാവിലെ അമ്മ മരിച്ചെന്നും മറ്റാരെയുമറിയിക്കാതെ വീടിനുമുന്നിൽ കുഴിയെടുത്തു സംസ്കരിച്ചെന്നും ഗിരീഷ് നാട്ടുകാരോടു പറയുകയായിരുന്നു. ഇതിൽ സംശയം തോന്നിയ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നാണ് പൊലീസെത്തിയത്.
മദ്യപാനിയായ ഗിരീഷ് അമ്മയുമായി നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു. പൊലീസെത്തുമ്പോഴും ഇയാൾ കടുത്ത മദ്യലഹരിയിലായിരുന്നു. എന്നാൽ രാധയുടേത് സ്വാഭാവിക മരണമാണെന്നും താൻ കൊലപ്പെടുത്തിയതല്ലെന്നുമാണ് ഗിരീഷ് പൊലീസിനോടു പറഞ്ഞത്. മദ്യലഹരി മാറിയാലേ സംഭവത്തിന്‍റെ സത്യാവസ്ഥ അറിയാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി. വിവാഹിതനായ ഗിരീഷ് ഭാര്യയും മക്കളുമായി പിണങ്ങി അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യയും മക്കളും തൈക്കാട്ടുശ്ശേരിയിൽ വാടകയ്ക്കാണ് താമസം. രാധയുടെ മൃതദേഹം ഫൊറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യാഥാർത്ഥ്യ മരണകാരണം വ്യക്തമാകൂയെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam