പതിനാറുകാരനെ ഭീകരവാദ സംഘടനയില്‍ ചേരാൻ നിർബന്ധിച്ച് അമ്മയും സുഹൃത്തും; കേസ് എൻഐഎക്ക് കൈമാറും

Published : Nov 19, 2025, 04:36 PM IST
NIA, KERALA POLICE

Synopsis

പതിനാറുകാരനെ ഐഎസിലേക്ക് ചേരാൻ അമ്മയും സുഹൃത്തും ചേർന്ന് നിർബന്ധിച്ചുവെന്ന കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറും. ഇതുസംബന്ധിച്ച് ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകും.

തിരുവനന്തപുരം: പതിനാറുകാരനെ ഭീകരവാദ സംഘടനയില്‍ ചേരാൻ അമ്മയും സുഹൃത്തും ചേർന്ന് നിർബന്ധിച്ചുവെന്ന കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറും. വെഞ്ഞാറമൂട് പൊലീസ് കുട്ടിയുടെ അമ്മയ്ക്കും സുഹൃത്തിനുമെതിരെ എടുത്ത യുഎപിഎ കേസ് ദേശീയ ഏജൻസിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകും. കണ്ണൂർ കനകമല തീവ്രവാദ ഗൂഡാലോചന കേസിലെ പ്രതിയുമായുള്ള കുട്ടിയുടെ അമ്മയുടെ ബന്ധം ദുരൂഹത വർധിപ്പിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.

വിദേശത്ത് അമ്മയുമൊത്ത് താമസിക്കുമ്പോള്‍ ഐഎസിലേക്ക് ചേരാൻ നിർബന്ധിച്ചുവെന്നും നിരന്തരമായ ഭീകരവാദ ആശയങ്ങളുടെ വീഡിയോ കാണിച്ചുവെന്നുമാണ് പതിനാറുകാരൻ വെഞ്ഞാറമൂട് പൊലീസിൽ മൊഴി നൽകിയത്. അമ്മയുടെ സുഹൃത്തായ യുവാവ് നിരന്തരമായി ക്ലാസുകളെടുത്തിരുന്നെന്നാണ് മൊഴി. ഈ യുവാവ് ഉക്രെയ്നിൽ നിന്നും യുകെയിലേക്ക് കുടിയേറിയ ആളാണ്. അമ്മ നാട്ടിലേക്ക് പറഞ്ഞയച്ചപ്പോള്‍ അമ്മയുടെ മറ്റൊരു സുഹൃത്താണ് വിമാനത്താവളത്തിൽ നിന്നും സ്വീകരിച്ചതെന്നും ഇയാൾ ആറ്റിങ്ങലിലെ മതപഠന ശാലയിലേക്ക് കൊണ്ടുപോയെന്നും കുട്ടിയുടെ മൊഴിയുണ്ട്.

കുട്ടിയെ സ്വീകരിച്ചയാള്‍ എൻഐഎ കേസിൽ മൂന്നു വർഷം ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തിയാണ്. കണ്ണൂർ കനകമലയിൽ നടന്ന തീവ്രവാദ ഗൂഢാലോചന കേസിലാണ് ശിക്ഷ അനുഭവിച്ചത്. മതപഠന ശാലയിൽ നിന്നും കുട്ടി പന്തളത്തുള്ള അച്ഛൻ്റെ വീട്ടിലേക്കാണ് പോയത്. അമ്മ ഏതാനും മാസം മുമ്പ് നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. പക്ഷെ കുട്ടിയുടെ പാസ്പോർട്ട് അമ്മയുടെ സുഹൃത്ത് കൈമാറിയില്ല. ഇതിൽ നൽകിയ പരാതിയിൽ മൊഴി നൽകിയപ്പോഴാണ് പതിനാറുകാരൻ അമ്മയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ നടത്തിയത്. യുഎപിഎ പ്രകാരമെടുത്ത കേസിൽ എൻഐഎ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. ആറ്റിങ്ങൽ ഡിവൈഎസ്പിയാണ് കേസന്വേഷിക്കുന്നത്. കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് റൂറൽ എസ്പിയും റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്നാണ് കേസ് എൻഐഎക്ക് കൈമാറുന്നത്. സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയാൽ അന്വേഷണം എൻഐഎ ഏറ്റെടുക്കും. കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയുമാണ് നിലവിൽ പ്രതി ചേർത്തിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരം; തീരുമാനമെടുത്തത് എം പി ഗോവിന്ദന്‍ നായരുടെ ബോര്‍ഡ്
ആദ്യ ചർച്ചയിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാതെ ലീഗ്; മണ്ഡലങ്ങൾ വച്ചുമാറും, ചർച്ച തുടങ്ങി യുഡിഎഫ്