
കോഴിക്കോട്: ലഹരിമരുന്നിന് അടിമയായ മകനെ പൊലീസിലേൽപ്പിച്ച് അമ്മ. കോഴിക്കോട് എലത്തൂരിലാണ് സംഭവം. പോക്സോ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ എലത്തൂർ സ്വദേശി രാഹുലിനെയാണ് അമ്മ മിനി പൊലീസിൽ ഏൽപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ദമ്പതികൾ ഉൾപ്പെടെ നാൽപതോളം പേരാണ് കോഴിക്കോട് ജില്ലയിൽ ലഹരിമരുന്നുമായി പിടിയിലായത്.
ലഹരിയുടെ കെണിയിൽ പെട്ട് നാട്ടിലും വീട്ടിലും ഭീതി വിതയ്ക്കുന്ന സംഘങ്ങൾക്കെതിരെ വലിയ ചെറുത്ത് നിൽപ്പ് നടക്കുന്നതിനിടെയാണ് ലഹരിക്കടിമയായ സ്വന്തം മകനെ അമ്മയ്ക്ക് പൊലീസിൽ ഏൽപ്പിക്കേണ്ടി വന്നത്. കോഴിക്കോട് എലത്തൂർ സ്വദേശി മിനിയാണ് 26കാരനായ മകൻ രാഹുലിനെ പൊലീസിന് കൈമാറിയത്. മകൻ കൊല്ലുമെന്ന് തറപ്പിച്ച് പറഞ്ഞതോടെയാണ് പൊലീസിനെ വിളിച്ചതെന്ന് മിനി പറഞ്ഞു. ചെറിയ പ്രായത്തിൽതന്നെ ലഹരി ഉപയോഗം തുടങ്ങിയ രാഹുലിൻറെ ഉപദ്രവം ഏറെ സഹിക്കേണ്ടി വന്നതായയും ഇവർ പറയുന്നു.
വീട്ടിനകത്തു നിന്നുപോലും കഞ്ചാവ് ഉപയോഗിക്കുന്ന രാഹുൽ പോക്സോ കേസിലും അടിപിടി കേസുകളിലും പ്രതിയാണ്. നിലവിൽ വാറണ്ടുള്ള പോക്സോ കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തതെന്ന് എലത്തൂർ പൊലീസ് അറിയിച്ചു. അതിനിടെ, ലഹരി സംഘങ്ങളുടെ വ്യാപനം വ്യക്തമാക്കുന്ന മറ്റു നിരവധി സംഭവങ്ങളും ഇന്ന് കോഴിക്കോട് ജില്ലയിലുണ്ടായി. താമരശേരിയിൽ എക്സൈസ് പിടിയിലായ യുവാവ് താൻ രാസ ലഹരിയായ എംഡിഎംഎ വിഴുങ്ങിയതായി അറിയിച്ചതിനെത്തുടർന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശേരി അന്പായത്തോട് സ്വദേശി ഫായിസാണ് താൻ എംഡിഎംഎ വിഴുങ്ങിയതായി പറഞ്ഞത്. ഇയാളുടെ സുഹൃത്ത് മിർഷാദിനെ ഇന്ന് കോഴിക്കോട് കോവൂരിൽ വച്ച് 58 ഗ്രാം എംഡിഎംഎയുമായി പൊലീസ് പിടികൂടിയിരുന്നു. നേരത്തെ എംഡിഎംഎ വിഴുങ്ങി മരിച്ച താമരശേരിയിലെ ഷാനിദിൻറെ സുഹൃത്തുക്കളാണ് ഇരുവരും. അതിനിടെ, വടകരയിൽ കഞ്ചാവുമായി ദന്പതികളെ എക്സൈസ് പിടികൂടി. വില്യാപ്പളളി സ്വദേശി അബ്ദുൽ കരീം ഭാര്യറുഖിയ എന്നിവരാണ് പിടിയിലായത്. ഇന്നലെ മാത്രം കോഴിക്കോട് നഗര പരിധിയിൽ പൊലീസ് നടത്തിയ പരിശോധനിയിൽ 32 പേരെയാണ് ലഹരി മരുന്നുകളുമായി പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam