ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം; മോട്ടോർവാഹന പണിമുടക്ക് സംസ്ഥാനത്ത് ഭാഗികം

By Web TeamFirst Published Mar 2, 2021, 12:50 PM IST
Highlights

മുൻകൂട്ടി പ്രഖ്യാപിച്ച സമരം കണക്കിലെടുത്ത് വലിയ വിഭാഗം ജനം വീട്ടിലിരുന്നതാണ് ഈ പണിമുടക്കിലെ കാഴ്ച്ച. വലിയ യാത്രാ ക്ലേശത്തിന്റെ ദൃശ്യങ്ങൾ എങ്ങുമില്ല.

തിരുവനന്തപുരം: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് സംയുക്ത സമര സമിതി പ്രഖ്യാപിച്ച വാഹനപണിമുടക്ക് പൊതുഗതാഗതത്തെ ബാധിച്ചു. സ്വകാര്യ ബസുകൾ സർവ്വീസ് നടത്തിയില്ല. സാധാരണ നടത്തുന്നതിന്റെ മൂന്നിലൊന്ന് സർവ്വീസുകൾ മാത്രമാണ് കെഎസ്ആർടിസി നടത്തിയത്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. 

മുൻകൂട്ടി പ്രഖ്യാപിച്ച സമരം കണക്കിലെടുത്ത് വലിയ വിഭാഗം ജനം വീട്ടിലിരുന്നതാണ് ഈ പണിമുടക്കിലെ കാഴ്ച്ച. വലിയ യാത്രാ ക്ലേശത്തിന്റെ ദൃശ്യങ്ങൾ എങ്ങുമില്ല. തിരുവനന്തപുരത്തടക്കം രാവിലെ എത്തിയ യാത്രക്കാർക്കായി ഓട്ടോറിക്ഷകളും കെഎസ്ആർടിസികളും സർവ്വീസ് നടത്തി. തലസ്ഥാനത്ത് ആർസിസിയിലേക്കും മെഡിക്കൽ കോളേജിലേക്കും പൊലീസിന്റെ പ്രത്യേക സർവ്വീസുമുണ്ടായിരുന്നു. 

എന്നാൽ പത്തുമണിയോടെ സമരം ശക്തമായി. തൊഴിലാളികൾ തടയാനാരംഭിച്ചതോടെ സർവ്വീസുകൾ കുറഞ്ഞു. പ്രതിദിനം 3100ലധികം സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ഇന്ന് നടത്തിയത് 903 സർവ്വീസുകൾ. തിരുവനന്തപുരം 439, എറണാകുളം 281, കോഴിക്കോട് 183  ഇങ്ങനെയാണ് കണക്ക്. തിരുവനന്തപുരത്ത് ചില ഡിപ്പോകൾ ഒറ്റ സർവ്വീസ് പോലും നടത്തിയില്ല.

കടകൾ തുറന്നെങ്കിലും ആളില്ലാത്തതിനാൽ സജീവമല്ല. ബിഎംഎസ് ഒഴികെയുള്ള സംഘടനകൾ ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തി. അതേസമയം, പെട്രോൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനം തയാറാവണമെന്നാവശ്യപ്പെട്ടായിരുന്നു ബിഎംഎസ് മാർച്ച്.

click me!