
കോഴിക്കോട്: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായ പോയ ആംബുലൻസിന് മാർഗതടസ്സം സൃഷ്ടിച്ച സംഭവത്തിൽ വാഹന ഉടമയ്ക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. കോഴിക്കോട് സ്വദേശി തരുണിന്‍റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യും. ഇയാൾക്ക് മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ പരിശീലനം നൽകാനും തീരുമാനമായി.
വകതിരിവില്ലാത്ത ഡ്രൈവിംഗിൽ ഒടുവിൽ നടപടി. ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. ചേളന്നൂർ 7/6 മുതൽ കക്കോടി ബൈപ്പാസ് വരെയാണ് ആംബുലൻസിന് തടസ്സം സൃഷ്ടിച്ച് കോഴിക്കോട് സ്വദേശി തരുൺ കാറോടിച്ചത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസിന് മുന്നിലായിരുന്നു അഭ്യാസപ്രകടനം. പലതവണ ആംബുലൻസ് ഹോൺ മുഴക്കിയിട്ടും വഴി നൽകിയില്ല. കാർ തുടർച്ചയായി ബ്രേക്ക് ഇട്ടതോടെ ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുടെ ബന്ധുക്കൾ തെറിച്ചുവീഴുന്ന സാഹചര്യം വരെയുണ്ടായി. കിലോ മീറ്ററുകളോളം യാത്ര ചെയ്ത ശേഷമാണ് കാർ വഴിമാറിയത്.
രോഗിയുടെ ബന്ധുക്കൾ തന്നെ പകർത്തിയ ദൃശ്യങ്ങൾ പരിശോധിച്ച്, മോട്ടോർ വാഹനവകുപ്പ് അതിവേഗം നടപടിയെടുത്തു. കാർ ഓടിച്ച തരുണിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് പുറമെ പാലിയേറ്റീവ് കേന്ദ്രത്തിൽ പരിശീലനവും നൽകും. ലൈസൻസ് സസ്പെൻഡ‍് ചെയ്യപ്പെട്ടാൽ പാലിയേറ്റീവ് കേന്ദ്രത്തിൽ സേവനം ചെയ്യണമെന്ന് സുപ്രീംകോടതി നിർദേശമുണ്ട്. അപകടത്തിൽപ്പെട്ട് തളർന്നുപോയവരുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കാനാണ് കൂടിയാണ് ഈ പരിശീലനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam