
പാലാ: ഡിവൈഎഫ്ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് പാലാ നഗരസഭ കൗൺസിൽ യോഗത്തിൽ കനത്ത തർക്കത്തിൽ വിശദീകരണവുമായി ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം. വിഷയം വോട്ടടെടുപ്പിലേക്ക് പോകുമ്പോൾ പ്രതിപക്ഷത്തിന് ആവശ്യത്തിന് ക്വാറം തികഞ്ഞിരുന്നുവെന്ന് ദിയ വ്യക്തമാക്കി. 26 പേരടങ്ങുന്നതാണ് കൗണ്‍സിൽ. പല നഗരസഭയിലും ചെറിയ ഭൂരിപക്ഷത്തിന്‍റെ വ്യത്യാസം മാത്രമാണ് ഉള്ളത്. പല കാരണങ്ങളാൽ യുഡിഎഫിലെ അഞ്ചോ ആറോ അംഗങ്ങൾക്ക് വരാൻ പറ്റിയില്ല. അതാണ് വോട്ടിംഗിൽ പ്രതിഫലിച്ചത്. ചെയര്‍പേഴ്സണും ഭരണപക്ഷത്തെ കൗണ്‍സിലര്‍മാരും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ദിയ പറഞ്ഞു.
ഒരു മരണം ഉണ്ടായിരുന്നതിനാലാണ് തന്‍റെ പിതാവും അങ്കിളും കൗണ്‍സിലിന് എത്താതിരുന്നത്. അവർ രണ്ടുപേരും മാത്രമല്ല, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും എത്തിയിരുന്നില്ല. കൗണ്‍സിലിൽ വരാൻ പറ്റാത്ത പല വ്യക്തിപരമായിട്ടുള്ള കാരണങ്ങൾ പലർക്കും കാണാം. അതിലേക്ക് പോകേണ്ട ആവശ്യമില്ല. പിന്തുണ പിൻവലിക്കുമെന്ന് യുഡിഎഫ് ഭീഷണിയോട് ഇപ്പോൾ പ്രതികരിക്കുന്നില്ല. ഇവിടെ ഒന്നോ രണ്ടോ കൗണ്‍സിലര്‍മാര്‍ എടുക്കേണ്ട ഒരു തീരുമാനം അല്ല. യുഡിഎഫ് നേതൃത്വമാണ് തീരുമാനിക്കേണ്ടത്. നേതൃത്വമായി സംസാരിച്ച് ഏത് തീരുമാനം ആണെങ്കിലും ഇവരെല്ലാവരും ഒരുമിച്ച് നിൽക്കും. അതുകൊണ്ട് ഇപ്പൊ അതിനെപ്പറ്റി ഞാൻ സംസാരിക്കുന്നില്ല.
കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനൽകുന്നതിൽ തനിക്ക് താത്പര്യമില്ല. കഴിഞ്ഞ പ്രാവശ്യം ഇങ്ങനെ ഒരു പരിപാടി നടന്നപ്പോൾ ഒത്തിരി പേർക്ക് ബുദ്ധിമുട്ടുണ്ടായി. തന്‍റെ വിയോജിപ്പ് ഈ വിഷയത്തിൽ അതുകൊണ്ടാണ് രേഖപ്പെടുത്തിയത്. കൗണ്‍സിലിന് എത്തിയ കോണ്‍ഗ്രസ് കൗണ്‍സിലർമാരും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നും ദിയ കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസിന്‍റെ ശക്തമായ എതിർപ്പിനെ മറികടന്ന് വോട്ടെടുപ്പിലൂടെയാണ് കൗൺസിൽ ഡിവൈഎഫ്ഐയുടെ ആവശ്യത്തിന് അനുമതി നൽകിയത്. കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷം ഇല്ലാതിരുന്ന സാഹചര്യത്തിലാണ് വിഷയം വോട്ടെടുപ്പിലേക്ക് നീങ്ങിയത്. സ്വതന്ത്ര കൂട്ടായ്മ കൗൺസിലർമാരായ ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം എന്നിവരും ഒരു കേരള കോൺഗ്രസ് അംഗവും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് വോട്ടെടുപ്പിൽ പ്രതിപക്ഷത്തിന് ഭൂരിപക്ഷം കിട്ടിയതും ഡിവൈഎഫ്ഐയുടെ ആവശ്യം കൗൺസിൽ അംഗീകരിച്ചതും. എന്നാൽ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം, ഡി വൈ എഫ് ഐക്ക് വേണ്ടി എൽ ഡി എഫുമായി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച കോൺഗ്രസ് കൗൺസിലർമാർ യോഗം ബഹിഷ്കരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam