ഡെപ്യുട്ടേഷൻകാരെ സ്ഥിരപ്പെടുത്താൻ നീക്കം;പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡയറ്റിൽ പിൻവാതിൽ നിയമനത്തിന് കളമൊരുങ്ങുന്നു

By Web TeamFirst Published Apr 10, 2022, 5:15 PM IST
Highlights

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അധ്യാപക പരീശീലന കേന്ദ്രം ലക്ച്ചറർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലെത്തിയ 89 പേരെയാണ് സ്ഥിരപ്പെടുത്താനുളള നീക്കം നടക്കുന്നത്. 

കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള ഡയറ്റിൽ പിൻവാതിൽ നിയമനത്തിന് കളമൊരുങ്ങുന്നു. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ലക്ച്ചറർ തസ്തികയിൽ നിയമിച്ചവരെ സ്ഥിരപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇവരുടെ യോഗ്യത വിവരങ്ങൾ ഉൾപ്പെടുത്തി അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പൽമാ‍ർക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറി നിർദ്ദേശം നൽകി. ഡെപ്യൂട്ടേഷൻകാരെ സ്ഥിരപ്പെടുത്താൻ സാധിക്കില്ലെന്ന ഡിപിഐയുടെ മുൻ റിപ്പോർട്ട് തളളിയാണ് പുതിയ നീക്കം.   

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അധ്യാപക പരീശീലന കേന്ദ്രം ലക്ച്ചറർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലെത്തിയ 89 പേരെയാണ് സ്ഥിരപ്പെടുത്താനുളള നീക്കം നടക്കുന്നത്. ഇവർക്ക് സ്പെഷ്യൽ റൂൾസ് പ്രകാരം സ്ഥിരനിയമനം നൽകാൻ യോഗ്യതയുണ്ടോ  എന്നതുൾപ്പെടെയുളള സാധ്യതകൾ പരിശോധിച്ച് വിശദ റിപ്പോർട്ട് നൽകാൻ കഴിഞ്ഞ ദിവസം പൊതു വിദ്യാഭ്യാസ സെക്രട്ടറി  ഡയറ്റ് പ്രിൻസിപ്പൽമാർക്ക് കത്തയച്ചു. ഈ 89 തസ്തികകളിലേക്ക് പി എസ് സി നിയമനം നടത്തുന്നത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തടഞ്ഞിരുന്നെന്നും ഇത് മാറ്റി നി‍ർത്തി എത്ര ഒഴിവുകളുണ്ടെന്ന് റിപ്പോർട്ട് ചെയ്യാനുമാണ് നി‍ർദ്ദേശം. നേരത്തെ ഡെപ്യൂട്ടേഷൻകാരെ സ്ഥിരപ്പെടുത്താൻ സാധ്യത തേടി പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡിപിഐക്ക് കത്തയച്ചിരുന്നു. സ്ഥിരപ്പെടുത്തൽ ചട്ട വിരുദ്ധമെന്നും സ്പെഷ്യൽ റൂൾസ് പ്രകാരം സ്ഥലംമാറ്റം വഴി ഉൾപ്പെടെ പി എസ് സിയാണ് ഒഴിവുകൾ നികത്തേണ്ടതെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി മറുപടി നൽകിയിരുന്നു. പി എസ് സി വിജ്ഞാപനം വരുമ്പോൾ ഡെപ്യൂട്ടേഷൻ കാർ അപേക്ഷ നൽകി നിയമനം നേടുകയാണ് വേണ്ടതെന്നുമായിരുന്നു ഈ വർഷമാദ്യം ഡിപിഐ നിലപാടെടുത്തത്. ഇത് തളളിയാണ് പുതിയ നീക്കം.  

അധ്യാപക പരിശീലന കേന്ദ്രത്തിലെ നിയമക്കാര്യത്തിൽ 2011ൽ  സർക്കാർ സ്പെഷ്യൽ റൂൾ തയ്യാറാക്കി 2014ൽ 17പേരെ പി എസ് സി വഴി നിയമിച്ചിരുന്നു. സ്പെഷ്യൽ റൂൾസ് അപാകതകൾ വിവാദമായതോടെ തുടർനിയമനങ്ങൾ നർത്തിവച്ചു. തുടർന്ന് ഭേദഗതി വരുത്തി ഈ വർഷം തന്നെ ഗസറ്റിൽ പ്രസിദ്ധീകരിച്ചെങ്കിലും പി എസ് സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ഒഴിവുകൾ പി എസ് പിസിക്ക് റിപ്പോർട്ട് ചെയ്യുന്നതിന്‍റെ ഭാഗമായുളള വിവരശേഖരണമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ഡിപിഐ നൽകുന്ന വിശദീകരണം.

click me!