എംഡി വാഴാത്ത കെഎസ്ആർടിസി; എംപി ദിനേശും സ്ഥാനമൊഴിയുന്നു, സർക്കാരിന് കത്ത് നൽകി

By Web TeamFirst Published Jun 4, 2020, 5:21 PM IST
Highlights

മാനേജിങ് ഡയറക്ടർ സ്ഥാനത്ത് ഒരു വർഷവും മൂന്ന് മാസവും മാത്രമാണ് എംപി ദിനേശ് പ്രവർത്തിച്ചത്. ഫെബ്രുവരിയിലാണ് അദ്ദേഹത്തിന്‍റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയത്

തിരുവനന്തപുരം: കെഎസ്ആർടിസി മാനേജിങ് ഡയറ്കടർ സ്ഥാനം ഒഴിയാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐപിഎസ് ഓഫീസറായ എംപി ദിനേശ് സർക്കാരിന് കത്ത് നൽകി. വ്യക്തിപരമായ കാരണങ്ങളലാണ് സ്ഥാനമൊഴിയുന്നത്. നാല് വർഷത്തിനിടെ അഞ്ചാമത്തെയാളാണ് സ്ഥാനമൊഴിയുന്നത്.

അടിക്കടിയുണ്ടാകുന്ന നേതൃമാറ്റം കെഎസ്ആര്‍ടിസിക്ക് വലിയ തലവേദനമായണ് സൃഷ്ടിക്കുന്നത്. മാനേജിങ് ഡയറക്ടർ സ്ഥാനത്ത് ഒരു വർഷവും മൂന്ന് മാസവും മാത്രമാണ് എംപി ദിനേശ് പ്രവർത്തിച്ചത്. ഫെബ്രുവരിയിലാണ് അദ്ദേഹത്തിന്‍റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയത്. 

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ആന്റണി ചാക്കോയാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ എംഡി സ്ഥാനത്ത് ഉണ്ടായിരുന്നത്. നാല് മാസത്തിന് ശേഷം അദ്ദേഹം  വിരമിച്ചപ്പോഴാണ് എറണാകുളം ജില്ലാ കളക്ടറായ എംജി രാജമാണിക്യത്തെ എംഡിയായി  നിയമിച്ചത്.

ഒരു വർഷം രാജമാണിക്യം ആ സ്ഥാനത്ത് ഇരുന്നു. പിന്നീട് ഇദ്ദേഹത്തെ മാറ്റി. സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും ഡി.ജി.പിയുമായ ഹേമചന്ദ്രനെയാണ് പിന്നീട് എംഡിയായി നിയമിച്ചത്. ഫയര്‍ഫോഴ്സ് മേധാവി ആയതോടെ അദ്ദേഹവും സ്ഥാനമൊഴിഞ്ഞു. തുടര്‍ന്നാണ് ടോമിന്‍ തച്ചങ്കരി എംഡിയായത്. പരിഷ്കരണ നടപടികളോട് ഭരണ-പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പ് ശക്തമായതോടെ തച്ചങ്കരിയെയും മാറ്റി.

തുടര്‍ന്നായിരുന്നു ദിനേശിന്‍റെ ഊഴം. ലോക്ക്ഡൗണിന്റെ പശ്താത്തലത്തില്‍ കെഎസ്ആര്‍സിയിലെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുമ്പോഴാണ് ദിനേശ് സ്ഥനമൊഴിയുന്നത്. സര്‍ക്കാരില്‍ നിന്ന് കിട്ടിയ 69 കോടി രൂപ ഉപയോഗിച്ചാണ് ശമ്പളം വിതരണം ചെയ്യുന്നത്. അയല്‍ ജില്ലകളിലേക്കടക്കം സര്‍വ്വീസ് തുടങ്ങിയെങ്കിലും കോടികളാണ് നഷ്ടം. പുതിയ എംഡി ആരായാലും കെഎസ്ആര്‍സിയെ മുന്നോട്ട് കൊണ്ടുപോവുക ദുഷ്‌കരമാകുമെന്ന് ഉറപ്പ്.  പിടിക്കാന്‍ ഏറെ പണിപ്പെടേണ്ടി വരുമെന്നുറപ്പ്.

click me!