
ദില്ലി: ഇന്നത്തെ ദിവസം അതിരുകളില്ലാത്ത സന്തോഷമുണ്ടെന്ന് നിയുക്ത എംപി സുരേഷ് ഗോപി. കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ എംപി എന്ന ഭാരം തലയിൽ എടുത്തു വയ്ക്കുന്നില്ല. ഞാൻ മറ്റൊരു എംപിയാണെന്നും ദില്ലിയിലെത്തിയ സുരേഷ് ഗോപി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. വീറും വാശിയോടെയും മറ്റുള്ളവർക്ക് ചെയ്യാൻ പറ്റാത്തത് ചെയ്യണം. കേന്ദ്രമന്ത്രിയാകുമോ എന്നതിൽ ഇനിയും പറയുന്നത് നെഗറ്റീവ് ആവും. ഒരുപാട് പേര് വിളിച്ചു ഉപദേശിച്ചു. എല്ലാം ദൈവ നിശ്ചയം പോലെ നടക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
താൻ കേരളത്തിനെ പ്രതിനിധീകരിക്കുന്നയാളാണെന്നും ഒരു പ്രദേശത്തിന്‍റെ പ്രതിനിധി ആക്കേണ്ടതില്ലെന്നും സുരേഷ് ഗോപി ഇന്നലെ പ്രതികരിച്ചിരുന്നു. കേരളത്തിന് വേണ്ടിയാണ് പ്രവർത്തിക്കുക, എയിംസ് കേരളത്തിലേക്ക് കൊണ്ടുവരാൻ പരിശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ ദില്ലി വിമാനത്താവളത്തിൽ മലയാളി ബിജെപി പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2026ൽ കേരളത്തിൽ ബിജെപിയുടെ മുഖം ആകുമോ എന്ന ചോദ്യത്തിന്, അഞ്ചുവർഷത്തേക്ക് എംപി ആയിട്ടാണ് ജനങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നതെന്നായിരുന്നു പുഞ്ചിരിയോടെ സുരേഷ് ഗോപിയുടെ മറുപടി. അതിലും വലിയ ഒരു ഉത്തരവാദിത്വം ജനങ്ങൾ തരണമെന്ന് തീരുമാനിച്ചാൽ, പാർട്ടി അനുവദിക്കുമെങ്കിൽ ചെയ്യും. ഇപ്പോൾ അങ്ങനെ ഒരു ഉദ്ദേശമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ബിജെപി എംപിയെന്ന നിലയിൽ ദില്ലിയിലേക്ക് പോകുന്നതിൽ അഭിമാനമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാൽ ഭാരിച്ച ചുമതലയാകുമെന്നായിരുന്നു സുരേഷ് ഗോപി തൃശ്ശൂരിൽ വെച്ച് മാധ്യമപ്രവർത്തകോട് പറഞ്ഞത്. 10 വകുപ്പുകളുടെയെങ്കിലും ഏകോപന ചുമതലയുള്ള എംപിയാകുന്നതാണ് കൂടുതൽ താൽപര്യം. വോട്ടുകൾ കിട്ടിയത് നടൻ എന്ന രീതിയിലാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോടും സുരേഷ് ഗോപി പ്രതികരിച്ചു. മറുപടി എന്റെ കയ്യിൽ ഉണ്ട്, പക്ഷേ പറയുന്നില്ല. മറുപടി പറഞ്ഞാൽ ഞാൻ ലീഡറിന് നൽകിയ ചെളിയേറു ആകും അത്. ലീഡറിന് തന്റെ നെഞ്ചിൽ ഇപ്പോഴും സ്ഥാനമുണ്ട്. ബിജെപി വോട്ടുകൾ മാത്രം അല്ല എല്ലാരും തനിക്കൊപ്പം നിന്നു. ബിജെപി തനിക്കായി അവിടെ മികച്ച പ്രവർത്തനം നടത്തിയെന്നും സുരേഷ് ഗോപി തൃശ്ശൂരിൽ പറഞ്ഞിരുന്നു.
സുരേഷ് ഗോപിയുടെ വൈറല്‍ ഷര്‍ട്ടില്‍ ഒളിഞ്ഞിരിക്കുന്നത് ഖജുരാഹോ പെയിന്‍റിങ്; ഡിസൈനര്‍ ഇവിടെയുണ്ട്
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam