ആലപ്പുഴ രക്ഷാപ്രവർത്തന അട്ടിമറി; എംആർ അജിത് കുമാറിന് യുഡിഎഫ് ഭരണത്തിലും സംരക്ഷണം, എസ്ഐടി റിപ്പോർട്ടിൽ തുടർനടപടിയില്ല

Published : Jul 07, 2026, 07:22 AM ISTUpdated : Jul 07, 2026, 12:24 PM IST
mr ajithkumar

Synopsis

സ്ഥാനക്കയറ്റ സ്ക്രീനിം​ഗ് കമ്മറ്റി ചേരുംവരെ റിപ്പോർട്ട് പൂഴ്ത്താനാണ് നിർദേശമെന്ന വിവരവും പുറത്തുവരുന്നുണ്ട്.

തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദമായ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എംആർ അജിത് കുമാറിന് പങ്കുണ്ടെന്ന എസ്ഐടി റിപ്പോർട്ട് നൽകിയിട്ടും എഡിജിപിക്ക് സംരക്ഷണം. രണ്ടാഴ്ച മുമ്പ് എസ്ഐടി നൽകിയ റിപ്പോർട്ടിൽ ഡിജിപി ഇതുവരെ തുടർനടപടി സ്വീകരിച്ചില്ല. പിണറായി വിജയന്‍റെ വിശ്വസ്തനായ അജിത് കുമാറിന് യുഡിഎഫ് സർക്കാർ വന്നിട്ടും കവചമൊരുക്കുകയാണ്.

പിണറായി വിജയനെ കരിങ്കൊടി കാണിച്ച കെഎസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ തല്ലിച്ചതച്ച കേസിൽ അതിവേഗമാണ് യുഡിഎഫ് സർക്കാർ കോടതി നിർദ്ദേശപ്രകാരം എസ് ഐടി ഉണ്ടാക്കിയത്. കേസ് ഡയറി തിരുത്തി അന്നത്തെ അന്വേഷണം അട്ടിമറിച്ചത് അന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിൻറെ നിർദ്ദേശപ്രകരമാണെന്നാണ് നിർണ്ണായക കണ്ടെത്തൽ. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർ അജിതിനെതിരെ നൽകിയ മൊഴിയടക്കം ഉൾപ്പെടുത്തിയാണ് എസ് പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള എസ്ഐടി കഴിഞ്ഞ 23 ന് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്.

അജിത് ഉടൻ തെറിക്കുമെന്ന് എല്ലാവരും കരുതി. പക്ഷെ രണ്ടാഴ്ച ആയിട്ടും ഡിജിപിക്ക് അനക്കമില്ല. റിപ്പോർട്ടിൽ പിഴവുണ്ടെങ്കിൽ തള്ളണം. അതല്ലെങ്കിൽ അജിതിനെതിരെ തുടർനടപടിക്ക് ശുുപാർശ ചെയ്ത് സർക്കാറിന് റിപ്പോർട്ട് നൽകണം. രണ്ടും ചെയ്യാതെ ഡിജിപി എസ്ഐടി റിപ്പോർട്ടിന്മേൽ അടയിരിക്കുന്നു. അജിത് കുമാറിന് ഡിജിപി തസ്തിത ഉറപ്പിക്കാനാണ് മെല്ലെപ്പോക്കെന്നാണ് വിവരം. ഈ മാസം 31ന് ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ വിരമിക്കും. ഒഴിവ് വരുന്ന ഡിജിപി തസ്തകിയാണ് അജിത് കുമാർ ലക്ഷ്യമിടുന്നത്. ഡിജിപി റിപ്പോർട്ടിന്മേൽ നടപടി ഉണ്ടായാൽ സ്ക്രീനിംഗ് കമ്മിറ്റി അജിത് കുമാറിനെ വെട്ടും. അതൊഴിവാക്കാനാണ് സംരക്ഷണം.

റിപ്പോർട്ടിന്മേലുള്ള മെല്ലെപ്പോക്ക് ഡിജിപിയുടെ മാത്രം തീരുമാനമല്ലെന്നാണ് സൂചന. ഉന്നത സർക്കാർ കേന്ദ്രങ്ങളുടെ ഇടപെടലും ഉണ്ടെന്നാണ് വിവരം. അതായത് പ്രതിപക്ഷത്തായിരിക്കെ യുഡിഎഫ് പത്ത് വർഷം ശക്തമായി വിമർശിച്ച പൊലീസ് ഉദ്യോഗസ്ഥന് ഭരണം മാറിയിട്ടും കിട്ടുന്നത് സംരക്ഷണം. നടപടി വരുമെന്ന പ്രതീക്ഷ ഇപ്പോഴും ബാക്കിയുണ്ടെന്നാണ് ആലപ്പുഴയിൽ അടികൊണ്ട എഡി യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസ്.

അജിത് കുമാറിന്‍റെ കാര്യത്തിൽ ആഭ്യന്തരമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. കുട്ടികളെ തൊട്ടവരെ വെറുതെ വിടില്ലെന്നായിരുന്നു അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രി പറഞ്ഞത്. പക്ഷെ അജിതിന്‍റെ കാര്യത്തിൽ തുടരുന്ന സംരക്ഷണത്തിൽ വലിയ അതൃപ്തി യുഡിഎഫിലും കോൺഗ്രസിലുമുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വള്ളസദ്യയുടെ മറവിൽ പണം തട്ടൽ, ആറന്മുളയിൽ പരാതി, നടപടി ആവശ്യപ്പെട്ട് പള്ളിയോടസേവസംഘവും
മുംബൈ മലയാളികൾക്ക് ആശ്വാസം; ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് സെൻട്രൽ റെയിൽവേ