കേരളം ചോദിച്ച 9531 കോടി ഒട്ടും അധികമല്ല! സമാന കേസിൽ അയൽ രാജ്യത്ത് നഷ്ടപരിഹാരം 8300 കോടി, ചർച്ചയായി വിധി, സർക്കാ‍ർ നിലപാട് കടുപ്പിക്കണം

Published : Aug 23, 2025, 10:14 AM IST
msc elsa ship container

Synopsis

എംഎസ്‌സി എൽസ ത്രീ കപ്പൽ അപകടത്തിൽ നഷ്ടപരിഹാരം നൽകാതിരിക്കാൻ കമ്പനി ശ്രമിക്കുമ്പോൾ സമാനമായ കേസിൽ ശ്രീലങ്കയിൽ 8300 കോടി രൂപ നഷ്ടപരിഹാരം വിധിച്ചത് ചർച്ചയാകുന്നു. 

കൊച്ചി: എംഎസ്‌സി എൽസ ത്രീ കപ്പൽ അപകടത്തിൽ നഷ്ടപരിഹാരം നൽകാതിരിക്കാൻ കമ്പനി ശ്രമിക്കുമ്പോൾ സമാനമായ കേസിൽ വന്നൊരു വിധി ചർച്ചയാകുന്നു. ശ്രീലങ്കയിൽ നാല് വർഷം മുമ്പുണ്ടായ അപകടത്തിൽ അവിടുത്തെ സുപ്രീംകോടതി കപ്പൽ കമ്പനിക്ക് വിധിച്ചത് 8300 കോടി രൂപയുടെ നഷ്ടപരിഹാരമാണ്. പാരിസ്ഥിതിക ആഘാതം ഉൾപ്പെടെ ഉയർത്തി ഉയർന്ന നഷ്ടപരിഹാരം നേടാൻ മാരി ടൈം നിയമങ്ങളിൽ വകുപ്പുകൾ ഉണ്ടെങ്കിലും ഇവിടെ സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്ന വിമർശനവും ഉയരുന്നുണ്ട്.

ഒടുവിൽ തൃക്കുന്നപുഴയിൽ നിന്ന് മീൻ പിടിക്കാൻ പോയ തൊഴിലാളികളുടെ വല എം എസ് സി എൽസയിൽ നിന്ന് വീണ കണ്ടെയ്നറിൽ തട്ടി കീറിയ ദൃശ്യങ്ങൾ വേദനയായി മാറിയിരുന്നു. നഷ്ടം അഞ്ച് ലക്ഷം രൂപയാണ്. കപ്പൽ അപകടത്തിന് ശേഷം ഇതൊരു നിത്യസംഭവമാണ്. പരിസ്ഥിതിയിലും കടലിലെ ആവാസ വ്യവസ്ഥയിലും ഈ അപകടം ഉണ്ടാക്കുന്ന പ്രത്യാഘാതം എത്രയോ ഇരട്ടിയാകുമെന്ന് വിദഗ്ധർ പറയുന്നു.

പാരിസ്ഥിതിക ആഘാതം ഉൾപ്പെടെ കണക്കിലെടുത്ത് സർക്കാർ കപ്പൽ കമ്പനിയോട് 9531 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നഷ്ടപരിഹാരം തേടാൻ കേരളത്തിന് അവകാശമില്ലെന്ന നിലപാടിലാണ് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി. സർക്കാർ ഉന്നയിച്ച പരിസ്ഥിതി മലിനീകരണം അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതല്ലെന്നാണ് എം എസ് സിയുടെ വാദം. ഇതിനിടെയാണ് സമാനമായ കേസിൽ ശ്രീലങ്കയിൽ നിന്നൊരു വിധി.

സിങ്കപ്പൂർ കപ്പലായ എംവി എക്സ്പ്രസ് പേൾ 2021 മേയ് 20-ന് ശ്രീലങ്കൻ തീരത്ത് തീപിടിച്ചു തകർന്നതിന് നഷ്ടപരിഹാരമായി സുപ്രിം കോടതി വിധിച്ചത് 8300 കോടി രൂപയാണ്. നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡു സെപ്റ്റംബർ 23ന് മുമ്പ് കെട്ടിവെക്കാനും നഷ്ടപരിഹാര കമ്മിഷൻ രൂപീകരിക്കാനും ശ്രീലങ്കൻ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസ് അന്വേഷണങ്ങൾ മൂന്നുമാസത്തിനകം പൂർത്തിയാക്കണം.

തൊട്ടടുത്ത രാജ്യത്ത് ഇത്രയും തുക നഷ്ടപരിഹാരം ലഭിക്കുമ്പോഴാണ് ഒന്നും നൽകാതെ തടിയൂരാനുള്ള കപ്പൽ കന്പനിയുടെ ശ്രമം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കോടതിയിൽ നൽകിയ റിപ്പോർട്ട് അടക്കം കമ്പനി ഇതിന് ആയുധമാക്കുന്നുണ്ട്. തീരത്ത് നിന്ന് ശേഖരിച്ച വെള്ളം മാത്രം പരിശോധിച്ചുണ്ടാക്കിയ റിപ്പോർട്ടിൽ മലിനീകരണം ഒന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു കണ്ടെത്തൽ.

എം എസ് സിക്കെതിരെ പൊലീസ് എടുത്ത കേസിൽ അന്വേഷണം എങ്ങും എത്തിയിട്ടില്ല. അപകടം വരുത്തുന്ന കപ്പൽ കമ്പനിയിൽ നിന്ന് പാരിസ്ഥിതികാഘാതത്തിന് ഉയർന്ന നഷ്ടപരിഹാരം ഈടാക്കാൻ മാരിടൈം നിയമങ്ങളിൽ വകുപ്പുണ്ട്. പക്ഷേ മലിനീകരണമില്ലെന്ന പിസിബി റിപ്പോർട്ടും പൊലീസ് അന്വേഷണത്തിലെ മെല്ലെപ്പോക്കുമൊക്കെ കപ്പൽക്കന്പനിയെ സഹായിക്കാനാണ് സാധ്യത.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും
'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ