
തിരുവനന്തപുരം: ലൈംഗീക ചുവയോടെ സംസാരിച്ചെന്നതടക്കമുള്ള എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ സംഘടനയിലെ വനിതാ വിഭാഗം ഉയർത്തിയ ഗുരുതര ആരോപണങ്ങളോട് പ്രതികരിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസ്. ഹരിതയിലെ പ്രശ്നങ്ങള്‍ മലപ്പുറം ജില്ലാ കമ്മിറ്റി പുനസംഘടനയുമായി ബന്ധപ്പെട്ടുള്ളതാണെന്നും സ്ത്രീകളെ അപമാനിക്കലല്ല തന്‍റെ രാഷ്ട്രീയമെന്നും തനിക്കെതിരായ പരാതിക്ക് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും നവാസ് ആരോപിച്ചു. സംഘടനയിലെ ഒരു വിഭാഗം കളളവാര്‍ത്ത പ്രചരിപ്പിക്കുകയാണ്. പാര്‍ട്ടി തീരുമാനം വരും മുമ്പ് പുതിയ നീക്കങ്ങള്‍ നടത്തിയവരുടെ ലക്ഷ്യം നീതിയോ ആദര്‍ശമോ അല്ലെന്നും ലീഗ് നേതൃത്വവുമായി ആലോചിച്ച് സംഘടനാപരമായ നടപടികൾ തീരുമാനിക്കുമെന്നും നവാസ് കൂട്ടിച്ചേർത്തു.
എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംഘടനയിലെ വനിതാ വിഭാഗത്തിലെ നേതാക്കളാണ് വനിതാ കമ്മീഷന് പരാതി നല്‍കിയത്. സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും ലൈംഗീക അധിക്ഷേപം നടത്തിയെന്ന് കാട്ടി നല്‍കിയ പരാതി ലീഗ് നേതൃത്വം അവഗണിച്ചതോടെയാണ് 10 വനിതാ നേതാക്കള്‍ കമ്മീഷനെ സമീപിച്ചത്.
എംഎസ്എഫ് നേതൃത്വത്തിനെതിരെ ലീഗിന് വനിതാ നേതാക്കൾ നൽകിയ പരാതി പുറത്ത്, ഗൗരവതരമെന്ന് ഷാഹിദാ കമാൽ
ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് സംഭവം നടന്നത്. ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. സമാനമായ രീതിയിലായിരുന്നു അബ്ദുള്‍ വഹാബിന്‍റെയും പ്രതികരണം. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗീക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു
മുസ്ലിം ലീഗ് നേതൃത്വത്തിന് നേരത്തെ നല്‍കിയ പരാതിയില്‍ കൂടുതല്‍ ഗുരുരമായ ആരോപണങ്ങളാണുളളത്. ഹരിത പ്രവര്‍ത്തകര്‍ വിവാഹം കഴിക്കാത്തവരാണെന്നും വിവാഹം കഴിഞ്ഞാല്‍ കുട്ടികളുണ്ടാകാന്‍ സമ്മതിക്കാത്തവരാണെന്നും പ്രത്യേക തരം ഫെമിനിസം പാര്‍ട്ടിയില്‍ വളര്‍ത്തുകയാണെന്നുമുളള തരത്തിലാണ് അധിക്ഷേപം. തങ്ങള്‍ പറയുന്നതേ ചെയ്യാവൂ എന്നാണ് എംഎസ്എഫ് നേതാക്കളുടെ ഭാവം. ഈ പരാതിയില്‍ ലീഗ് നേതൃത്വം യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹര്യത്തിലാണ് ഹരിത നേതാക്കള്‍ വനിത കമ്മീഷനെ സമീപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam