
കായംകുളം: എംഎസ്എം കോളേജ് മുന്‍ യൂണിറ്റ് സെക്രട്ടറി നിഖില്‍ തോമസിന് പ്രവേശനം നല്‍കുന്നതില്‍ മാനേജര്‍ക്ക് വീഴ്ച പറ്റിയെന്ന് കോളേജ് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഷേക് പി.ഹാരിസ്. രേഖകള്‍ പരിശോധിച്ച് വിലയിരുത്തേണ്ട ഉത്തരവാദിത്തം മാനേജര്‍ക്കും പ്രിന്‍സിപ്പലിനുമാണെന്നും, ഏത് രാഷ്ട്രീയ നേതാവാണ് ശുപാര്‍ശ ചെയ്‌തെന്ന് വ്യക്തമാക്കേണ്ടത് മാനേജറാണെന്നും ഷേക്ക് പി.ഹാരിസ് പറഞ്ഞു.
അതേസമയം, നിഖില്‍ തോമസിന്റെ മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കാന്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് കേരളാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിര്‍ദ്ദേശം നല്‍കി. വിവാദവുമായി വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ ഭാഗത്ത് നിന്ന് ഗവര്‍ണര്‍ക്ക് അടക്കം പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി. സംഭവത്തില്‍ എംഎസ്എം കോളേജ് അന്വേഷണ കമ്മീഷനെ നിയമിച്ചതായി പ്രിന്‍സിപ്പല്‍ മുഹമ്മദ് താഹ അറിയിച്ചു. അഞ്ചംഗ കമ്മീഷനില്‍ കോളേജിലെ മൂന്ന് അധ്യാപകരും കോളേജ് സൂപ്രണ്ടും ഒരു ലീഗല്‍ അഡൈ്വസറുമാണ് അംഗങ്ങള്‍. കോളേജിനെ ബാധിച്ച വിവാദത്തില്‍ നിജസ്ഥിതി അറിയാന്‍ കേരളാ സര്‍വകലാശാലയ്ക്ക് കത്ത് നല്‍കാന്‍ തീരുമാനിച്ചു. നിഖില്‍ തോമസ് പ്രവേശനം നേടുന്നത് യൂണിവേഴ്‌സിറ്റി വഴി അപേക്ഷിച്ചാണ്. വരുന്ന വിദ്യാര്‍ത്ഥി പ്രവേശനത്തിന് യോഗ്യരാണോയെന്നാണ് നോക്കുന്നത്. മാനദണ്ഡങ്ങള്‍ എല്ലാം പരിശോധിച്ച ശേഷമാണ് പ്രവേശനം നല്‍കിയത്. കൊറോണ കാലത്താണ് പ്രവേശനം നേടിയത്. ആ സമയത്ത് സംശയം തോന്നിയിരുന്നില്ല. ഏറ്റവും അവസാനമാണ് നിഖില്‍ തോമസ് പ്രവേശനം നേടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനില്‍ ആണെന്ന് ഉറപ്പിച്ചുവെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പ്രതികരിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം തള്ളിയ എസ്എഫ്‌ഐ കലിംഗ സര്‍വകലാശാലയില്‍ അഡ്മിഷന്‍ എടുത്ത ശേഷം കേരള യൂണിവേഴ്‌സിറ്റി രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്തുവെന്നും വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam