
കോഴിക്കോട്: എംടി വാസുദേവന്‍നായരുടെ ആദ്യ ഭാര്യ പ്രമീളാ നായരെ കുറിച്ചുള്ള എം ടി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരല്‍ എന്ന പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മക്കളായ അശ്വതിയും സിതാരയും രംഗത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി ദീദി ദാമോദരൻ. ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേര്‍ന്നാണ് പുസ്തകം എഴുതിയിരിക്കുന്നത്. പുസ്തകം വായിക്കാതെയാണ് ആരോപണം ഉന്നയിക്കുന്നതെന്നും പുസ്തകം എംടിയെ കുറിച്ചല്ലാത്തതിനാൽ അനുവാദം വാങ്ങേണ്ടതില്ലെന്നും ദീദി ദാമോദരൻ പറഞ്ഞു.ആരേയും അവഹേളിക്കുന്ന കാര്യങ്ങള്‍ പുസ്തകത്തിലില്ല. ഏതു ഭാഗമാണ് മക്കളെ വേദനിപ്പിച്ചതെന്ന് പറഞ്ഞാല്‍ പരിശോധിക്കാമെന്നും ദീദി ദാമോദരന്‍ പറഞ്ഞു. പ്രമീള നായര്‍ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകം. എംടിയെ കുറിച്ചല്ല. സിതാരയും അശ്വതിയും ജനിക്കുന്നതിന് മുമ്പുള്ള കാലഘട്ടമാണ് പുസ്തകത്തിൽ പറഞ്ഞിട്ടുള്ളത്. പുസ്തകത്തിൽ തെറ്റായി എന്താണുള്ളതെന്ന് പറയുന്നവര്‍ വ്യക്തമാക്കി തരണം. പ്രമീള നായര്‍ എന്ന പേര് അവര്‍ക്കെന്നും പ്രശ്നമാണ്.
എംടിയുടെ പല ചിത്രങ്ങളിലും പ്രമീള നായരെ പോലുള്ള സ്ത്രീകളെ മോശമായി ചിത്രീകരിച്ചിട്ടുണ്ട്. വിവാദം എന്തിനെ കുറിച്ചാണന്ന് അറിയില്ലെന്നും ദീദി ദാമോദരൻ പറഞ്ഞു. എം ടിയുടെ പുസ്തകങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയും പിന്നീട് ജീവിതസഖിയായി മാറുകയും ചെയ്ത പ്രമീളാ നായരുടെ ജീവിതത്തോട് ചേര്‍ന്നുള്ള സഞ്ചാരമാണ് എം ടി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരല്‍ എന്ന പുസ്തകം. ദീദി ദാമോദരനും എച്ച് മുക്കുട്ടിയും ചേര്‍ന്നെഴുതിയ പുസ്തകം ബുക്ക് വേം ആണ് പ്രസിദ്ധീകരിച്ചത്. പ്രമീളാ നായരുടെ ജീവിതമെന്ന പേരില്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭൂരിഭാഗം ഭാഗങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നാണ് എം ടിയുടെ മക്കളായ സിതാരയും അശ്വതിയും സാമൂഹിക മാധ്യമത്തില്‍ പങ്കു വെച്ച സംയുക്തപ്രസ്താവനയില്‍ പറയുന്നത്. പ്രശസ്തിക്കും ധനസമ്പാദനത്തിനും വേണ്ടി അന്തരിച്ച വ്യക്തികളെ തേജോവധം ചെയ്യരുത്.
ഈ പുസ്തകത്തില്‍ എഴുതപ്പെട്ടകാര്യങ്ങള്‍ അര്‍ദ്ധസത്യങ്ങളും വളച്ചൊടിക്കലുമാണ്. കുടുംബത്തെ തേജോവധം ചെയ്ത് അതു വഴി ആര്‍ജ്ജിക്കുന്ന കുപ്രസിദ്ധിയിലൂടെ പുസ്തകം വില്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചു. മക്കളായ തങ്ങള്‍ക്ക് ഏറെ വിഷമമുണ്ടാക്കുന്ന കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് മകള്‍ അശ്വതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേര്‍ന്നെഴുതിയ പുസ്തകത്തില്‍ പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും അത് കുടുംബത്തെ ബാധിക്കുമെന്നും പുസ്തകം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അശ്വതി വ്യക്തമാക്കി. പുസ്തകം എഴുതുന്നിതിനു മുമ്പ് മക്കളോട് അഭിപ്രായം തേടിയില്ലെന്നും അശ്വതി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam