'കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി കൈ'; വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ തള്ളി സിപിഎം

Published : Jan 23, 2026, 09:15 PM IST
V kunjikrishnan

Synopsis

പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനനെതിരായ വി കുഞ്ഞികൃഷ്ണന്‍റെ തുറന്നുപറച്ചിലിനെ തള്ളി സിപിഎം. കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി കൈ ആണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്.

കണ്ണൂർ: കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ വി കുഞ്ഞികൃഷ്ണന്‍റെ തുറന്നുപറച്ചിലിനെ തള്ളി സിപിഎം. കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി കൈ ആണെന്നാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്‍റെ പ്രതികരണം. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ പാർട്ടി തള്ളി കളയുന്നുവെന്നാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പ്രസ്താവനയിലൂടെ അറിയിച്ചത്. ബഹുജന മധ്യത്തിൽ ഇകഴ്ത്തുന്ന ആരോപണങ്ങൾ എതിരാളികൾക്ക് ആയുധം നൽകുമെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

പയ്യന്നൂർ എംഎല്‍എ ടി ഐ മധുസൂദനനും സംഘവും പാർട്ടി രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെട ഒരുകോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് സിപിഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിലൂടെ നടത്തിയത്. ധൻരാജ് രക്തസാക്ഷി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ട്, എന്നിങ്ങനെ മൂന്ന് ഫണ്ടുകളിൽ നിന്നാണ് തിരിമറി നടത്തിയത്. ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെ തെളിവ് സഹിതം സംസ്ഥനാ നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി എടുക്കാതെ പാർട്ടി തന്നെ നിശബ്ദനാക്കാനാണ് ശ്രമിച്ചതെന്നും ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോണിന് നൽകിയ അഭിമുഖത്തിൽ വി കുഞ്ഞിക്കൃഷ്ണൻ വെളിപ്പെടുത്തി.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന

ഒരു മാധ്യമത്തിന് വി.കുഞ്ഞികൃഷ്ണന്‍ നല്‍കിയ അഭിമുഖം തികച്ചും വാസ്തവ വിരുദ്ധമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊണ്ടതാണ്. സമയ ബന്ധിതമായി വരവ്-ചിലവ് കണക്ക് അവതരിപ്പിക്കുന്നതിലുള്ള വീഴ്ച അല്ലാതെ വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയിട്ടില്ലെന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചതുമാണ്. 2021 ല്‍ ഉയര്‍ന്നുവന്ന ആക്ഷേപത്തെ തുടര്‍ന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി നിശ്ചയിച്ച കമ്മീഷന്‍ പരിശോധന നടത്തുകയും, കമ്മീഷന്‍റെ റിപ്പോര്‍ട്ട് പാര്‍ട്ടി ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് ചില സംഘടന നടപടികള്‍ പാര്‍ട്ടി സ്വീകരിച്ചതുമാണ്. 

പാര്‍ട്ടി ജില്ലാ കമ്മിറ്റിയും, പാര്‍ട്ടി പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയും നിശ്ചയിച്ച കമ്മീഷനുകളാണ് വിവിധ ആക്ഷേപങ്ങളെക്കുറിച്ച് അതത് ഘട്ടത്തില്‍ അന്വേഷിച്ച് അതത് കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഈ ചര്‍ച്ചയിലും, തീരുമാനങ്ങളിലും വി. കുഞ്ഞികൃഷ്ണനും പങ്കാളിയായതാണ്. അതിന് ശേഷം പാര്‍ട്ടിയുടെ വിവിധ ഘടക സമ്മേളനങ്ങള്‍ നടന്നു കഴിഞ്ഞു. സമ്മേളനം നടക്കുന്ന ഘട്ടത്തില്‍ വി. കുഞ്ഞികൃഷ്ണന്‍ പുതിയ ചില ആരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഈ ആരോപണങ്ങള്‍ മാധ്യമങ്ങളിലും മറ്റും വാര്‍ത്തയായി വരുന്ന നിലയുമുണ്ടായി. ഉന്നയിച്ച കാര്യങ്ങള്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി നിശ്ചയിച്ച കമ്മീഷന്‍ അന്വേഷിക്കുകയും അന്വേഷമ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്യുകയും ഉണ്ടായി. വിഭാഗീയ ലക്ഷ്യങ്ങളോടെ തെറ്റായ ആരോപണങ്ങള്‍ ബോധപൂര്‍വ്വം ഉന്നയിക്കുകയായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വി. കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതുമാണ്. 

8 മാസങ്ങള്‍ക്ക് മുമ്പ് നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ എനിക്ക് തെറ്റുപറ്റിയെന്ന് വി കുഞ്ഞികൃഷ്ണന്‍ തുറന്ന് പറഞ്ഞതുമാണ്. അതിന് ശേഷം പാര്‍ട്ടിയുടെ വിവിധ ഘടക യോഗങ്ങളിലും പരിപാടികളിലും വി. കുഞ്ഞികൃഷ്ണന്‍ പങ്കെടുത്തതുമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ മാധ്യമങ്ങളുടെയും, രാഷ്ട്രീയ ശത്രുക്കളുടെയും കോടാലി കൈയ്യായി മാറുന്നതരത്തിലാണ് കുഞ്ഞികൃഷ്ണന്‍റെ പ്രവര്‍ത്തി. പാര്‍ട്ടിയെ ബഹുജന മധ്യത്തില്‍ ഇകഴ്ത്തിക്കാട്ടുന്ന കുഞ്ഞികൃഷ്ണന്‍റെ ഈ നടപടി പാര്‍ട്ടിക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. പാര്‍ട്ടിയില്‍ അതത് കാലഘട്ടത്തില്‍ ഉയര്‍ന്നുവരുന്ന ആക്ഷേപങ്ങളെല്ലാം തന്നെ കമ്മ്യൂണിസ്റ്റ് സംഘടന രീതി അനുസരിച്ച് ചര്‍ച്ച ചെയ്യുകയും ആവശ്യമായ സംഘടന നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിയെ ബഹുജന മധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന നിലയില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് എതിരാളികള്‍ക്ക് കടന്നാക്രമിക്കാന്‍ ആയുധം നല്‍കുന്ന കുഞ്ഞികൃഷ്ണന്‍റെ പ്രവര്‍ത്തി അംഗീകരിക്കാന്‍ കഴിയാത്തതാണ്. അദ്ദേഹം ഉന്നയിച്ച ആക്ഷേപങ്ങള്‍ പാര്‍ട്ടി തള്ളിക്കളയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; കെപി ശങ്കരദാസ് ജയിലിൽ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പൂജപ്പുര സെന്‍ട്രൽ ജയിലിലേക്ക് മാറ്റി
നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം കൊലപാതകം; കുട്ടിയുടെ അച്ഛൻ കുറ്റം സമ്മതിച്ചു