'അഭിപ്രായം പറയുന്നത് തെറ്റല്ല', ശോഭാ സുരേന്ദ്രന് എം ടി രമേശിന്‍റെ പരോക്ഷ പിന്തുണ

By Web TeamFirst Published Jan 10, 2021, 11:31 AM IST
Highlights

കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദ്ദേശാനുസരണം ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനുളള നീക്കം ഒരു വിഭാഗം നടത്തുന്നതിനിടെയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിന്‍റെ പിന്തുണ. 

കോഴിക്കോട്: ശോഭ സുരേന്ദ്രന് പരോക്ഷ പിന്തുണയുമായി ബിജെപി ജനറൽ സെക്രട്ടറി എം.ടി. രമേശ്. വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചതു കൊണ്ട് മാത്രം ആരും പാര്‍ട്ടി വിരുദ്ധരാകില്ല. പാര്‍ട്ടിയിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലും ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിലെ പല നേതാക്കളും ബിജെപിയിലെത്തുമെന്നും രമേശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദ്ദേശാനുസരണം ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനുളള നീക്കം ഒരു വിഭാഗം നടത്തുന്നതിനിടെയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിന്‍റെ പിന്തുണ. നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്പ് പ്രശ്നങ്ങള്‍ പരിഹരിക്കണം. ആരെയും അകറ്റി നിര്‍ത്തുക പാര്‍ട്ടി നയമല്ല.

ശോഭ സുരേന്ദ്രന്‍ അടക്കമുളളവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ കേന്ദ്ര നേതൃത്വത്തിനു മുന്നിലുണ്ട്. പാര്‍ട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്‍റെയും സംസ്ഥാന നേതൃത്വത്തിന്‍റെയും ഇടപെടലും ഉണ്ടാകും - എം ടി രമേശ് പറയുന്നു. 

ഒരു ഘട്ടത്തില്‍ ശോഭയ്ക്കെതിരെ നടപടി വേണമെന്ന് കെ. സുരേന്ദ്രന്‍ ഉള്‍പ്പടെ നിലപാട് എടുത്തപ്പോള്‍ രമേശ് അടക്കമുളള കൃഷ്ണദാസ് പക്ഷമായിരുന്നു ഇതിനെ എതിര്‍ത്തത്. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയസാധ്യതയുളള മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുമെന്നും കോണ്‍ഗ്രസില്‍ നിന്നുള്‍പ്പടെ പല പ്രമുഖരും ബിജെപിയിലെത്തുമെന്നും രമേശ് പറഞ്ഞു.

click me!