Latest Videos

'നീക്കുപോക്ക് ചര്‍ച്ച നടത്തിയത് മുല്ലപ്പള്ളി, ഇനി സഖ്യമില്ല'; ആഞ്ഞടിച്ച് വെൽഫെയർ പാർട്ടി

By Web TeamFirst Published Jan 10, 2021, 10:50 AM IST
Highlights

മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച നടത്തിയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്ക് നടത്തിയത്.  ഇപ്പോള്‍ അതില്‍ നിന്നും രക്ഷപ്പെടാനായി തങ്ങളെ പഴി ചാരി രക്ഷപ്പെടാനാണ് മുല്ലപ്പള്ളി ശ്രമിക്കുന്നതെന്ന് ഹമീദ് പറഞ്ഞു.

കോഴിക്കോട്: കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ വലിയ വിമര്‍ശനത്തിന് കാരണമായതാണ് വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം.  വെല്‍ഫയര്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ വെട്ടിലാക്കി വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം രംഗത്തെത്തി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായുള്ള ആദ്യ നീക്കുപോക്കു ചര്‍ച്ചകള്‍ നടത്തിയത് മുല്ലപ്പള്ളിയാണെന്ന് ഹമീദ് വാണിയമ്പലം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തുടക്കം മുതലേ, ഞങ്ങള്‍ വിശദീകരിച്ചപ്പോഴൊക്കെ ഇതൊരു പ്രാദേശിക നീക്കുപോക്കാണ് എന്ന് വ്യക്തമാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലോ, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലോ ഒരു മുന്നണിയുമായും സഹകരിക്കില്ലെന്ന് ഹമീദ് വാണിയമ്പലം വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സഖ്യത്തിനായി ഞങ്ങള്‍ ആരെയും സമീപിച്ചിട്ടില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഒരു രാഷ്ട്രീയം ഉണ്ട്. ഒരു ബദല്‍ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനം എന്ന നിലയ്ക്ക് ഒരിക്കലും വെല്‍ഫയര്‍പാര്‍ട്ടി യുഡിഎഫിനെയോ എല്‍ഡിഎഫിനെയോ പിന്തുണയ്ക്കാനാകില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരുമായും നീക്കുപോക്കിന് പോകില്ല, ഒറ്റയ്ക്ക് മത്സരിക്കും.

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച നടത്തിയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കു നടത്തിയത്. അദ്ദേഹം ഉത്തരവാദിത്വപ്പെട്ട ഒരു നേതാവാണ്. ഇപ്പോള്‍ അതില്‍ നിന്നും രക്ഷപ്പെടാനായി തങ്ങളെ പഴി ചാരി രക്ഷപ്പെടാനാണ് മുല്ലപ്പള്ളി ശ്രമിക്കുന്നതെന്ന് ഹമീദ് പറഞ്ഞു.  വെല്‍ഫയര്‍ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും എഐസിസിയുടെ നിര്‍ദ്ദേശം പാലിക്കുമെന്നുമായിരുന്നു മുല്ലപ്പള്ളി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നത്. ഹമീദ് വാണിയമ്പലത്തിന്‍റെ വെളിപ്പെടുത്തല്‍ യുഡിഎഫിലും കോണ്‍ഗ്രസിലും വലിയ പൊട്ടിത്തെറിയുണ്ടാക്കുമെന്ന് ഉറപ്പാണ്. 

click me!