
ഇടുക്കി: മഴക്കാലത്ത് ഫുട്ബോൾ പ്രേമികളെ ആവേശത്തിലാക്കുന്ന മഡ് ഫുട്ബോൾ ഇടുക്കിയിലുമെത്തി. തൊടുപുഴയ്ക്കടുത്ത് കരിമണ്ണൂരിലാണ് ചെളിനിറഞ്ഞ പാടത്ത് ആവേശകരമായ ഫുട്ബോൾ മത്സരം നടത്തിയത്. ഓരോ വർഷവും വ്യത്യസ്തമായ കായിക മത്സരങ്ങൾ നടത്തണമെന്ന കരിമണ്ണൂർ യുവധാര ക്ലബ്ബുകാരുടെ ആഗ്രഹമാണ് മഡ് ഫുട്ബോളിനെ ഇടുക്കിയിൽ എത്തിച്ചത്. ഇതിനായി കൃഷിയില്ലാതെ കിടന്നിരുന്ന പാടം ചെളി നിറച്ച് കളിക്കളം ആക്കി മാറ്റി.
സമീപത്ത് നിന്നും 26 ടീമുകളാണ് ജില്ലയിൽ ആദ്യമായി അരങ്ങേറിയ മഡ് ഫുട്ബോളിൽ കളിക്കാൻ ഇറങ്ങിയത്. ഇരുപത് മിനിറ്റുള്ള കളിക്ക് അഞ്ചു പേർ വീതമാണ് ടീമിലുണ്ടായിരുന്നത്. ജഴ്‍സി അണിഞ്ഞാണ് കളത്തിലിറങ്ങിയതെങ്കിലും നിമിഷങ്ങൾക്കകം കളിക്കാർക്കെല്ലാം ചേറിന്‍റെ നിറമായി. കളിക്കിടെ കണ്ണിൽ ചെളി തെറിച്ചാൽ റഫറിയുടെ അനുവാദം ഇല്ലാതെ പുറത്ത് പോയി കണ്ണ് തെളിഞ്ഞ വെള്ളത്തിൽ കഴുകി തിരിച്ചെത്താം. സെവൻസും ഇലവൻസും കണ്ടു ശീലിച്ച് ഫുട്ബോൾ പ്രേമികൾക്ക് മഡ് ഫുട്ബോൾ പുതിയ അനുഭവമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam