
പന്പ: പമ്പാവാസനെ കാണും മുമ്പ് പമ്പയിലൊന്ന് മുങ്ങണമെന്നാണ്. പക്ഷേ, പുഴയിൽ ഇരുന്നിട്ടും കിടന്നിട്ടും കുളി ശരിയാവുന്നില്ല. കുളിയ്ക്കണമെങ്കിൽ മഗ്ഗില്ലാതെ വയ്യ. പമ്പാനദിയിൽ വെള്ളം കുറഞ്ഞതോടെ പമ്പയിൽ മഗ് കച്ചവടം പൊടിപൊടിക്കുകയാണ്. മുൻപെങ്ങുമില്ലാത്ത വിധമാണ് മഗിന് ആവശ്യക്കാരേറുന്നത്.
മഗ്ഗ് വാങ്ങാൻ മെനക്കെടാത്തവർ കുപ്പിയിൽ വെള്ളമെടുത്താണ് കുളിക്കുന്നത്. കച്ചവടം പൊടിപൊടിച്ചതോടെ കൂടുതൽ സ്റ്റോക്കിറക്കിയിരിക്കുകയാണ് കച്ചവടക്കാർ. നീലയും പച്ചയും ചുവപ്പും നിറങ്ങളിൽ കടകൾക്ക് മുന്നിലെല്ലാം നിറയെ മഗ്ഗുകൾ തൂങ്ങിക്കിടക്കുകയാണ്.
ചൂട് കൂടുന്നത് കൊണ്ട് തന്നെ കച്ചവടം ഇനിയും കൂടാനാണ് സാധ്യത. പമ്പയിലേക്ക് വെള്ളം തുറന്ന് വിടുന്ന പമ്പാ ഡാമിൽ വെള്ളം 25% മാത്രമേ ഉള്ളൂ. ദിവസേന തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് 25000 ഘന അടിയിൽ നിന്ന് കുറയ്ക്കേണ്ടി വരുമോ എന്നാണ് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. ജില്ലയിലെ ഭൂഗർഭ ജലത്തിന്‍റെ അളവ് 2.5 മീറ്റർ കുറഞ്ഞിട്ടുമുണ്ട്. അടുത്ത മഴക്കാലം വരെയെങ്കിലും സ്ഥിതി ഇതിലും രൂക്ഷമാകാനും ഇടയുണ്ട്.
പമ്പയിൽ വെള്ളം കുറയുന്നത് അയ്യപ്പ ഭക്തരെ മാത്രം ബാധിക്കുന്ന പ്രശ്നമായി അവസാനിക്കുന്നുമില്ല. ഇവിടുന്നങ്ങോട്ട് പമ്പയെ ആശ്രയിക്കുന്ന ഒരുപാട് ജനസമൂഹങ്ങൾ വലയാൻ പോകുന്നതിന്‍റെ ആദ്യസൂചനയാണ് ഇവിടെ കാണുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam