'ഒന്നല്ല, രണ്ട് കൊലപാതകം ചെയ്തു'; വല്ലാത്തൊരു വെളിപ്പെടുത്തലുമായി മുഹമ്മദ്; അന്വേഷണം തുടരുന്നു, മാനസിക നില പരിശോധിക്കുമെന്നും പൊലീസ്

Published : Jul 05, 2025, 01:27 PM ISTUpdated : Jul 05, 2025, 01:35 PM IST
thiruvambadi murder

Synopsis

കോഴിക്കോട് കടപ്പുറത്ത് വച്ച് പണം തട്ടിപ്പറിച്ച ഒരാളെ താനും ഒരു സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി എന്നാണ് മുഹമ്മദിൻ്റെ വെളിപ്പെടുത്തൽ.

‌കോഴിക്കോട്: 39 വർഷങ്ങൾക്കു മുൻപ് ഒരു കൊലപാതകം ചെയ്തതായി വെളിപ്പെടുത്തിയ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് താൻ മറ്റൊരു കൊലപാതകം കൂടി ചെയ്തതായി പോലീസിന് മൊഴി നൽകി. കോഴിക്കോട് കടപ്പുറത്ത് വച്ച് പണം തട്ടിപ്പറിച്ച ഒരാളെ താനും ഒരു സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി എന്നാണ് മുഹമ്മദിൻ്റെ വെളിപ്പെടുത്തൽ. കോഴിക്കോട് സിറ്റി പോലീസ് ഇതു സംബന്ധിച്ച പ്രാഥമിക അന്വേഷണം തുടങ്ങി. അതേസമയം മുഹമ്മദിന്റെ മാനസിക നില പരിശോധിക്കുവാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

കോഴിക്കോട് കൂടരഞ്ഞി സ്വദേശിയും നിലവിൽ മലപ്പുറം വേങ്ങരയിൽ സ്ഥിരതാമസക്കാരനും ആയ ആൻറണി എന്ന മുഹമ്മദ് അലി ഒന്നിന് പിറകെ ഒന്നായി നടത്തുന്ന വെളിപ്പെടുത്തലിലെ യാഥാർത്ഥ്യം തേടി അലയുകയാണ് കോഴിക്കോട് സിറ്റി പോലീസും റൂറൽ പോലീസും. തനിക്ക് 14 വയസ്സ് മാത്രം ഉള്ളപ്പോൾ 1986 കൂടരഞ്ഞിയിൽ വച്ച് ഒരാളെ കൊലപ്പെടുത്തി എന്ന മുഹമ്മദ് വെളിപ്പെടുത്തലിൽ തിരുവമ്പാടി പോലീസ് അന്വേഷണം നടത്തിവരവെയാണ് ഈ സംഭവത്തിനെ മൂന്നു വർഷങ്ങൾക്കുശേഷം കോഴിക്കോട് കടപ്പുറത്ത് വെച്ച് തന്റെ കയ്യിൽ നിന്ന് പണം തട്ടിപ്പറിച്ച് ഒരാളെ ഒരു സുഹൃത്തിന്റെ സഹായത്തോടെ മണലിൽ ശ്വാസം മുട്ടിച്ചു കൊന്നു എന്ന മുഹമ്മദ് വെളിപ്പെടുത്തൽ.

കൂടരഞ്ഞി സംഭവത്തിലെ വിവരങ്ങൾ തിരുവമ്പാടി പോലീസിനെ കൈമാറിയ വേങ്ങര പോലീസ് കോഴിക്കോട് കടപ്പുറത്തെ സംഭവം സംബന്ധിച്ച മൊഴിയുടെ വിശദാംശങ്ങൾ സിറ്റി പോലീസിനും കൈമാറി. തിരുവമ്പാടി പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയപ്പോൾ കടപ്പുറം കൊലപാതകത്തിന്റെ യാഥാർത്ഥ്യം തേടുകയാണ് സിറ്റി പോലീസ്.

മുഹമ്മദ് അലിയുടെ വെളിപ്പെടുത്തലിനെ സാധൂകരിക്കും വിധം കൂടരഞ്ഞിയിലും കോഴിക്കോട് കടപ്പുറത്തും അസ്വഭാവിക മരണങ്ങൾ നടന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ആരാണ് കൊല്ലപ്പെട്ടത് എന്നോ ഇയാൾ പറയുന്ന സമയത്ത് തന്നെയാണോ ഈ സംഭവങ്ങൾ എന്നോ സ്ഥിരീകരിക്കാൻ പോലീസിന് ആയിട്ടില്ല. അതിനാൽ തന്നെ മുഹമ്മദിന്റെ മാനസികനില ഉൾപ്പെടെ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം. അതേസമയം, മകൻറെ മരണശേഷം മുഹമ്മദ് മാനസിക നില തകരാറിലാണെന്നും ചികിത്സ നൽകിയിരുന്നതായും സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുഹമ്മദിൻറെ വെളിപ്പെടുത്തലിൽ പറയുന്നതുപോലെ കൂടരഞ്ഞിയിൽ 1986 ൽ ഒരു അസ്വഭാവിക മരണം നടന്നതായി നാട്ടുകാരും സ്ഥിരീകരിച്ചിട്ടുണ്ട്. തന്നെ ഉപദ്രവിച്ച ആളെ തോട്ടിൽ തള്ളിയിട്ടു കൊന്നു എന്നാണ് മുഹമ്മദ് പോലീസിനോട് പറഞ്ഞത്. ഈ തോട് ഉൾപ്പെടുന്ന ഭൂമിയുടെ ഉടമയുടെ വീട്ടിൽ ജോലിക്ക് എത്തിയിരുന്ന ഒരു യുവാവാണ് മരിച്ചത് എന്നാണ് വിവരം. തൻറെ ഓർമ്മയിൽ കണ്ണൂർ ഇരിട്ടിയിൽ നിന്ന് വന്ന ഒരു യുവാവാണ് മരിച്ചതെന്ന് ഭൂമിയുടെ ഇപ്പോഴത്തെ ഉടമ ദേവസ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രണ്ടിടങ്ങളിൽ നിന്നായി വിവാഹം കഴിക്കുകയും മതം മാറ്റം നടത്തുകയും പലയിടങ്ങളിൽ പലവിധ ജോലികൾ ചെയ്യുകയും എല്ലാം ചെയ്തിട്ടുള്ള ആൻറണി എന്ന മുഹമ്മദ് പശ്ചാത്തലവും ദുരൂഹമാണ് . അതിനാൽ തന്നെ, ഇയാളുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങൾ ശേഖരിക്കാൻ ഉള്ള ശ്രമത്തിലാണ് തിരുവമ്പാടി പോലീസും കോഴിക്കോട് സിറ്റി പോലീസും.

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം