
തിരുവനന്തപുരം: ബിജെപിക്കെതിരായ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളില്‍ അസംതൃപ്തരായ നേതാക്കളെ ഇടതുപക്ഷത്തേക്ക് ക്ഷണിക്കുന്നെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന മതനിരപേക്ഷ മനസുകള്‍ നിരവധിയാണെന്ന് അറിയാം. ബിജെപി വിരുദ്ധ പോരാട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ അസംതൃപ്തരാണെന്നുമറിയാം. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വാതിലുകള്‍ എന്നും നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്.
കേരളത്തില്‍ കോണ്‍ഗ്രസിന്റെ പല നേതാക്കളും ബിജെപിയിലേക്ക് പോകാതെയിരിക്കുന്നത് ഇവിടത്തെ രാഷ്ട്രീയ സാഹചര്യമാണ്. ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിദ്ധ്യവും അതിലൂടെ സംരക്ഷിക്കപ്പെടുന്ന മതനിരപേക്ഷ പാരമ്പര്യവുമാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രത്യേകതയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്: ''എസ്എം കൃഷ്ണ (കര്‍ണാടക), ദിഗംബര്‍ കാമത്ത് (ഗോവ), വിജയ് ബഹുഗുണ(ഉത്തരാഖണ്ഡ്), എന്‍ഡി തിവാരി (ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്), പ്രേമ ഖണ്ഡു (അരുണാചല്‍ പ്രദേശ് ), ബിരേന്‍ സിംഗ് ( മണിപ്പൂര്‍), ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് (പഞ്ചാബ്), എന്‍ കിരണ്‍ കുമാര്‍ റെഡ്ഢി (ആന്ധ്രാ പ്രദേശ്). കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്ക് പോയ മുന്‍ മുഖ്യമന്ത്രിമാരുടെ ലിസ്റ്റാണിത്. അവിഭക്ത ആന്ധ്രാ പ്രദേശിന്റെ അവസാന മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢിയുടെ കൂറുമാറ്റത്തോടെ ഈ ലിസ്റ്റിലെ അംഗങ്ങളുടെ എണ്ണം 8 ആയിരിക്കുകയാണ്.''
''കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ പല നേതാക്കളും ബിജെപിയിലേക്ക് പോകാതെയിരിക്കുന്നത് ഇവിടത്തെ രാഷ്ട്രീയ സാഹചര്യമാണ്. ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിദ്ധ്യവും അതിലൂടെ സംരക്ഷിക്കപ്പെടുന്ന മതനിരപേക്ഷ പാരമ്പര്യവുമാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രത്യേകത. നാല്‍പ്പതോളം സഖാക്കളാണ് കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ മാത്രം സംഘിപരിവാറിനാല്‍ കേരളത്തില്‍ കൊല ചെയ്യപ്പെട്ടത്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന മതനിരപേക്ഷ മനസ്സുകള്‍ നിരവധിയാണെന്നറിയാം.ബി ജെ പി വിരുദ്ധ പോരാട്ടത്തില്‍,കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ നിങ്ങള്‍ അസംതൃപ്തരാണെന്നുമറിയാം. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വാതിലുകള്‍ എന്നും നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണ്.''
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam