
കോഴിക്കോട്: ഓപ്പറേഷനിൽ തൂഫാനിൽ അറസ്റ്റിലായ എം ഡി എം എ കേസ് പ്രതിയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളി മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്ത്. പ്രതിയെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ ശുദ്ധ കളവാണെന്നും പ്രതിയുടെ ഇൻസ്റ്റഗ്രാമിൽ നവകേരള സദസ് നടക്കുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രിക്കൊപ്പം എടുത്ത ചിത്രങ്ങളുണ്ടെന്നും റിയാസ് ആരോപിച്ചു. ഓപ്പറേഷൻ തൂഫാനിൽ കോൺഗ്രസുകാർക്ക് എന്തെങ്കിലും പ്രത്യേക പ്രിവിലേജ് ഉണ്ടോ എന്നും, പൊലീസിന്റെ തൂഫാൻ നടപടിയിൽ കോൺഗ്രസുകാർക്ക് പ്രത്യേക ഇളവുകൾ നൽകുന്നുണ്ടോ എന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. കേസിൽ അറസ്റ്റിലായ മുഹമ്മദ് ഹുസൈനെ നേരിട്ട് അറിയാമെന്നും നവകേരള സദസ്സിലെ ലാത്തിചാർജിൽ പരിക്കേറ്റയാൾ എന്ന നിലയിലാണ് വിളിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം കണ്ണൂർ ചൊക്ലിയിൽ ഹെൽത്ത് ഇൻസ്പെക്ടർ ദീപലേഖ കുഴഞ്ഞുവീണ് മരിച്ച സംഭവം നിർദയമായ സർക്കാർ നിലപാടുകൾ മൂലമുണ്ടായ 'സർക്കാർ സ്പോൺസേർഡ് മരണം' ആണെന്ന് റിയാസ് ആരോപിച്ചു. ഉദ്യോഗസ്ഥരെ ഇനിയും സ്ഥലം മാറ്റുമെന്ന് മുഖ്യമന്ത്രി പറയുന്നത് ചട്ടലംഘനമാണെന്നും ദീപലേഖയുടെ അഭ്യർത്ഥന പോലും പരിഗണിക്കാതെയാണ് സ്ഥലം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ഭരണനേതൃത്വത്തോടുള്ള ഉദ്യോഗസ്ഥരുടെ അമിത രാജഭക്തിയും ദയയില്ലാത്ത സമീപനവുമാണ് ഈ ദുരന്തത്തിന് വഴിവെച്ചത്. ഓരോ ട്രാൻസ്ഫറിനും തുക ചോദിക്കുന്ന സാഹചര്യമാണുള്ളതെന്നും എന്നാൽ എൽ ഡി എഫ് സർക്കാരിന്റെ പത്ത് വർഷത്തെ ഭരണത്തിൽ ഇത്തരം അഴിമതി ആരോപണങ്ങൾ ഉണ്ടായിട്ടില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു. മന്ത്രിസ്ഥാനമില്ലാത്തതും സമരപാരമ്പര്യമില്ലാത്തതുമായ വ്യക്തികളെ വിമർശിച്ച അദ്ദേഹം, വി ഡി സതീശന് ശരീരത്തിൽ ഒരു കൊതുകുകടിയുടെ വേദന പോലുമേറ്റ സമരപാരമ്പര്യമില്ലെന്ന് പരിഹസിച്ചു. മെസ്സി വിവാദത്തിൽ പ്രതിപക്ഷ നേതാവും മുൻമന്ത്രിയും ഉൾപ്പെടെയുള്ളവർ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എല്ലാ തലത്തിലുമുള്ള ആരോപണങ്ങളും പരിശോധിക്കപ്പെടട്ടെ എന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam