ആരോഗ്യമന്ത്രിക്കെതിരായ പരാമർശം പിൻവലിക്കില്ലെന്ന് മുല്ലപ്പളളി; പ്രതിഷേധം കടുക്കുന്നു

By Web TeamFirst Published Jun 20, 2020, 6:48 AM IST
Highlights

നിപാ രാജകുമാരി, കൊവിഡ് റാണി പട്ടം എന്നീ പരാമര്‍ശങ്ങളില്‍ സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയർന്നിട്ടും തിരുത്താനില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുല്ലപ്പളളി.

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ പരാമർശം പിൻവലിക്കില്ലെന്ന മുല്ലപ്പളളി രാമചന്ദ്രന്റെ നിലപാടിനെതിരെ പ്രതിഷേധം കടുക്കുന്നു. കോൺഗ്രസിലെ വനിതാനേതാക്കളൊന്നും പ്രസ്താവനയിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സംഭവത്തെ കുറിച്ച് ഇതുവരെ കെ കെ ശൈലജയും പ്രതികരിച്ചിട്ടില്ല. വനിതാകമ്മീഷനിൽ ഇതുവരെ ഇതുമായി ബന്ധപ്പെട്ട പരാതികളൊന്നും കിട്ടിയിട്ടില്ല.

നിപാ രാജകുമാരി പട്ടം തട്ടിയെടുത്ത ആരോഗ്യമന്ത്രി ഇപ്പോൾ കോവിഡ് റാണി പട്ടം കൂടി നേടാനുള്ള ശ്രമമാണെന്ന‍ായിരുന്നു മന്ത്രിക്കെതിരായ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരിഹാസം. സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയർന്നിട്ടും തിരുത്താനില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുല്ലപ്പളളി.

മുല്ലപ്പള്ളിയുടെ പരാമർശത്തിൽ കോൺഗ്രസും രണ്ട് ചേരിയിലാണ്. എന്നാൽ പരസ്യമായ പ്രതികരണങ്ങളൊന്നും പാർട്ടിക്കുളളിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനെ കുറിച്ച് കോൺഗ്രസിലെ വനിതാനേതാക്കളൊന്നും പ്രതികരിക്കാൻ തയ്യാറുമല്ല. ആരോഗ്യമന്ത്രിക്കെതിരെ നേരത്തെ പ്രതിപക്ഷ നേതാവ് മീഡിയാ മാനിയ പരമാർശം നടത്തിയിരുന്നു. അന്നും സമാനമായ പ്രതിഷേധമുയർന്നു. അതേ രീതിയിൽ തിരിച്ചടിയുണ്ടാക്കുന്ന പരാമർശമാണിതെന്നാണ് ആരോപണം. 

വ്യക്തിപരമായ വിമർശനങ്ങൾ ഒഴിവാക്കി വിഷയങ്ങളിലൂന്നി സർക്കാരിനെ നേരിടണമെന്നായിരുന്നു അതേ തുടർന്ന് കോൺഗ്രസ് തീരുമാനിച്ചത്. എന്നാൽ പാർട്ടി അധ്യക്ഷൻ തന്നെ വീണ്ടും അതേ പാത പിന്തുടർന്നത് പ്രതിപക്ഷത്തെയാകെ പ്രതിരോധത്തിലാക്കി. മറുപക്ഷത്ത് കെ കെ ശൈലജയെ പിന്തുണച്ചു കൊണ്ടും മുല്ലപ്പളളിയുടെ മാപ്പ് ആവശ്യപ്പെട്ടുകൊണ്ടും ഇടതുചേരിയിലുളളവർ കൂട്ടമായി രംഗത്തിറങ്ങുകയും ചെയ്തിട്ടുണ്ട്.

click me!