കൊവിഡ് മരണങ്ങൾ സ്ഥിരീകരിക്കാൻ വൈകുന്നു; ഫലം കിട്ടുന്നത് മരണദിവസമോ, മരണത്തിന് ശേഷമോ മാത്രം

By Web TeamFirst Published Jun 20, 2020, 6:19 AM IST
Highlights

21 മരണങ്ങളിൽ 11ലും ഫലം കിട്ടിയത് മരണദിവസമോ, മരണത്തിന് ശേഷമോ മാത്രം. ദിവസങ്ങളോളം ചികിത്സയിലും നിരീക്ഷണത്തിലും കഴിഞ്ഞിട്ടും പ്രായമോ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ കണക്കിലെടുക്കാതെ പരിശോധന വൈകുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന കൊവിഡ് മരണങ്ങളില്‍ പകുതിയിലേറെയും  പരിശോധന ഫലം കിട്ടിയത് മരണദിവസമോ, മരണത്തിന് ശേഷമോ മാത്രം. രോഗലക്ഷണങ്ങളുമായി ആളുകൾ മരിച്ച കേസുകളിൽ പോലും പരിശോധന ഫലം ദിവസങ്ങളോളം വൈകിയതായി കണക്കുകളിൽ വ്യക്തമാകുന്നു. തിരുവനന്തപുരത്ത് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച വഞ്ചിയൂർ സ്വദേശി രമേശ് ഗുരുതര ശ്വാസകോശ രോഗമടക്കം എല്ലാ കൊവിഡ് ലക്ഷണങ്ങളുമായി ദിവസങ്ങളോളം മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും ചികിത്സയിൽ കഴിഞ്ഞിട്ടും സ്രവ പരിശോധന നടന്നത് മരണശേഷം മാത്രം. ഫലം വന്നത് പിന്നെയും രണ്ട് ദിവസങ്ങൾക്ക് ശേഷമാണ്.

പാലക്കാട് കടമ്പഴിപ്പുറത്ത് കൊവിഡ് ബാധിച്ച് മരിച്ച 73 കാരിയായ മീനാക്ഷി അമ്മാൾ മേയ് 22ന് ചെന്നെയിൽ നിന്ന് നാട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. പ്രമേഹം, ന്യുമോണിയ തുടങ്ങിയ അസുഖങ്ങളും വാർദ്ധക്യ പ്രശ്നങ്ങളുമുണ്ടായിരുന്ന ഇവർക്ക് പരിശോധന നടത്തുന്നത് 28നാണ്. ആദ്യ ഫലം നെഗറ്റീവായിരുന്നു രണ്ടാം തീയതി ഇവർ മരിച്ചു. പിന്നീട് നടത്തിയ പരിശോധന ഫലം പോസിറ്റീവായി കിട്ടുന്നത് നാലാം തീയതി. തൃശ്ശൂർ എരണ്ടിയൂർ സ്വദേശിയായ 87കാരനാകട്ടെ ഗുരുതര ശ്വാസകോശ പ്രശ്നങ്ങളുമായി ദിവസങ്ങളോളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ മറ്റ് രോഗലക്ഷണങ്ങൾ ഇല്ലാത്തതിന്റെ പേരിൽ കൊവിഡ് പരിശോധന നടത്തിയില്ല. ന്യൂമോണിയ ആയതോടെ ഏഴിന് മെഡിക്കൽ കോളേജിൽ എത്തിച്ച് പരിശോധന നടത്തി. ഫലം വന്നപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു

തിരുവനന്തപുരത്തെ മരിച്ച വൈദികൻ കെ ജി വർഗ്ഗീസിൻ്റേതും സമാനമായ കേസായിരുന്നു. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് 23ന് പനിയുണ്ടായി. പനിയുണ്ടെങ്കിലും കൊവിഡ് സാധ്യത മുന്നിൽ കണ്ടുളള ഒരു നടപടിയും ഉണ്ടായില്ല. ശ്വാസതടസ്സത്തെ തുടർന്ന് അ‍ഞ്ച് ദിവസത്തിന് ശേഷം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും സ്രവം എടുത്തത് പിറ്റേ ദിവസം. തൊട്ടടുത്ത ദിവസം അദ്ദേഹം മരിച്ചു. ഇങ്ങനെ 21 മരണങ്ങളിൽ 11ലും ഫലം കിട്ടിയത് മരണദിവസമോ, മരണത്തിന് ശേഷമോ മാത്രം. അതേ സമയം കേരളത്തിലെത്തി മണിക്കൂറുകൾക്കുള്ളിൽ മരിച്ചവരുമുണ്ട് കൂട്ടത്തിൽ.

മരണത്തിന് കാരണം ചികിത്സാപ്പിഴവ് എന്നല്ല, പക്ഷെ ദിവസങ്ങളോളം ചികിത്സയിലും നിരീക്ഷണത്തിലും കഴിഞ്ഞിട്ടും പ്രായമോ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ കണക്കിലെടുക്കാതെ പരിശോധന വൈകുന്നതാണ് പ്രധാന പ്രശ്നം. ഇത്തരം കേസുകളിൽ നേരത്തെ പരിശോധന നടത്തി ഫലം വന്നിരുന്നെങ്കിൽ സമ്പർക്കം വഴിയുള്ള രോഗവ്യാപനമെന്ന ആശങ്കയും ഒഴിവാക്കാം. എന്നാല്‍ പരിശോധനകളിൽ വീഴ്ചയില്ലെന്നും ഓരോ കൊവിഡ് മരണവും പ്രത്യേകമായി പരിശോധിക്കുന്നുണ്ടെന്നുമാണ് ആരോഗ്യവകുപ്പ് വിശദീകരണം. 

click me!