മുല്ലപ്പെരിയാർ: റൂൾ കർവിൽ അവ്യക്തത തുടരുന്നു,വ്യക്തത തേടി കേരളം

Published : Jul 20, 2022, 07:15 AM IST
മുല്ലപ്പെരിയാർ: റൂൾ കർവിൽ അവ്യക്തത തുടരുന്നു,വ്യക്തത തേടി കേരളം

Synopsis

അണക്കെട്ടിൽ നടത്തുന്ന അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങൾ കേരളത്തിന് ലഭ്യമാക്കാത്തതിലെ എതിർപ്പും തമിഴ്നാടിനെ അറിയിച്ചു

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുന്ന റൂൾ കർവിൻറെ അളവ് സംബന്ധിച്ച് അവ്യക്തത ഇപ്പോഴും തുടരുന്നു. മുല്ലപ്പെരിയാർ ഉപസമിതി യോഗത്തിൽ സംസ്ഥാന ഇതിൽ വ്യക്തത തേടിയെങ്കിലും തമിഴ്നാട് പ്രതിനിധികൾ കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറി. റൂൾ കർവ് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് മേൽനോട്ട സമിതിയാണെന്നാണ് തമിഴ്നാടിൻറെ നിലപാട്. ഇതിനിടെ നീരൊഴുക്ക് കുറഞ്ഞതോടെ അണക്കെട്ടിലെ ജലനിരപ്പും കുറഞ്ഞു തുടങ്ങി. 135.75 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്

സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകളിലൊന്നും ഇല്ലാത്ത തരത്തിൽ വർഷത്തിൽ രണ്ടു തവണ പരമാവധി വെള്ളം സംഭരിക്കാവുന്ന രീതിയിലാണ് തമിഴ്നാട് റൂൾ കർവ് തയ്യാറാക്കിയിരിക്കുന്നത്. ഇത് മാറ്റണമെന്ന് കേരളം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ തമിഴ്നാട് വഴങ്ങിയിട്ടില്ല. ഉപസമിതി യോഗത്തിൽ തീരുമാനം ആകാത്തതിനാൽ മേൽനോട്ട സമിതിയെ അറിയിക്കാനാണ് ജലസേചന വകുപ്പിൻറെ തീരുമാനം.

അണക്കെട്ടിൽ നടത്തുന്ന അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങൾ കേരളത്തിന് ലഭ്യമാക്കാത്തതിലെ എതിർപ്പും തമിഴ്നാടിനെ അറിയിച്ചു. പണികളുടെ എസ്റ്റിമേറ്റ് മാത്രമാണ് നൽകന്നത്. രൂപരേഖ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടാലും നൽകാറില്ല. സുപ്രീം കോടതിയും മേൽനോട്ട സമിതിയും അംഗീകരിച്ച ജോലികളാണ്  നടത്തുന്നതെന്നും അതിന് കേരളത്തിന്‍റെ പ്രത്യേക അനുമതി ആവശ്യമില്ലെന്നുമാണ് തമിഴ്നാടിൻറെ മറുപടി. സംസ്ഥാനത്തെ അറിയിക്കാതെ നടത്തുന്ന പണികൾക്ക് സാധനങ്ങൾ കൊണ്ടുപോകാൻ അനുമതി നൽകില്ലെന്ന് കേരളവും വ്യക്തമാക്കി. വള്ളക്കടവിൽ നിന്നുള്ള റോഡ് അറ്റകുറ്റപ്പണിക്കുൾപ്പെടെ അനുമതി നൽകാത്തതിലെ അതൃപ്തി തമിഴ്നാടും യോഗത്തെ അറിയിച്ചു. 

ഉപസമിതി അധ്യക്ഷൻ ശരവണ കുമാറിൻറെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, ഗ്യാലറി എന്നിവിടങ്ങളിൽ പരിശോധനക്ക് നടത്തി. സ്പിൽവേയിലിലെ മൂന്നു ഷട്ടറുകൾ ഉയർത്തി കാര്യക്ഷമതയും ഉറപ്പാക്കി. തുടർന്ന് സീപ്പേജ് വെള്ളത്തിൻറെ അളവും ശേഖരിച്ചു. മിനിറ്റിൽ 115 ലിറ്ററാണ് സീപ്പേജിൻറെ അളവ്. മുല്ലപ്പെരിയാറിൽ നിലവിലെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് കുറക്കുന്നതിനെതിരെ തമിഴ്നാട് കർഷക സംഘം ഉപസമിതി ചെയർമാനു നിവേദനം നൽകി

PREV
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ