പിന്നോക്ക വിഭാഗത്തിലെ സ്ത്രീകൾക്കായുള്ള ജനകീയാസൂത്രണ സ്കീമുകളിൽ തിരുവനന്തപുരം കോർപറേഷനിൽ ലക്ഷങ്ങളുടെ തട്ടിപ്പ്

By Web TeamFirst Published Jul 20, 2022, 7:03 AM IST
Highlights

വ്യാജ കമ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ നൽകിയാണ് പട്ടിക വർഗവിഭാഗങ്ങൾക്കായുള്ള ഫണ്ട് തട്ടിയെടുത്തത്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ വീണ്ടും ക്രമക്കേട് കണ്ടെത്തി.പിന്നോക്ക വിഭാഗത്തിലെ സ്ത്രീകൾക്കായുള്ള ജനകീയാസൂത്രണ പദ്ധതി സ്കീമുകളിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്.വ്യാജ കമ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ നൽകിയാണ് പട്ടിക വർഗവിഭാഗങ്ങൾക്കായുള്ള ഫണ്ട് തട്ടിയെടുത്തത്.

തദ്ദേശ സ്ഥാപനങ്ങളിലെ പട്ടിക വർഗവിഭാഗങ്ങളിൽ പെട്ട സ്ത്രീകൾക്ക് ചെറുകിട ഇടത്തരം സംരംഭങ്ങൾ തുടങ്ങാൻ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വ്യവസായ വകുപ്പ് നൽകുന്ന പണമാണ് തിരിമറി നടത്തി ഒരു സംഘം തട്ടിയെടുത്തത്. നഗരസഭയുടെ ആഭ്യന്തര അന്വേഷണത്തിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്.

അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് 3 ലക്ഷം രൂപ നൽകുന്ന പദ്ധതിയിലാണ് തരിമറി നടന്നത്. ഇത്തരത്തിൽ രൂപീകരിച്ച 33 ഗ്രൂപ്പുകളുടേയും പണം എത്തിയത് ഒറ്റ അക്കൗണ്ടിലേക്ക്.പല ഗ്രൂപ്പുകളിലും ഉള്ളത് ഒരേ അംഗങ്ങൾ. ഒരാളുടെ പേരിൽ മാത്രം അഞ്ചിൽ അധികം ഗ്രൂപ്പുകൾ.ഇങ്ങനെ രണ്ട് വർഷംകൊണ്ട് 1 കോടി 26 ലക്ഷം രൂപ എത്തിയത് യുഡിഎഫ് നിയന്ത്രണത്തിലുള്ള പട്ടം സഹകരണ ബാങ്കിലെ അക്കൗണ്ടിലേക്ക്.ഇത്രയും പണം ഒരു അക്കൗണ്ടിലേക്ക് എത്തിയപ്പോൾ ബാങ്കും ജാഗ്രത കാട്ടിയില്ല.

വാർത്താ സമ്മേളനത്തിൽ 2.26 കോടിയുടെ വെട്ടിപ്പ് എന്നായിരുന്നു മേയർ പറഞ്ഞത്, പിന്നീട് വാട്സാപ്പ് സന്ദേശത്തിലുടെ കണക്ക് ഒരു കോടി 26 ലക്ഷമെന്ന തിരുത്ത് അറിയിച്ചു.2019-20 കാലത്തെ സ്പിൽ ഓവർ പദ്ധതിയിലെ 15 ലക്ഷം രൂപയും 2020-21 കാലത്ത് 99 ലക്ഷവും ക്യൂബില്ലായി 12 ലക്ഷവുമാണ് തിരിമറി നടത്തിയത് എന്നാണ് വിശദീകരണം.

തിരിമറിയിൽ കൂടുതൽ നടപടികളിലേക്ക് കടക്കും മുന്പ് പദ്ധതിയിൽ അംഗങ്ങളായ 165 പേരെ വിളിച്ചു വരുത്തി വിശദീകരണം തേടും. പദ്ധതിയുടെ ചുമതലയുണ്ടായിരുന്ന കോർപറേഷനിൽ നിന്ന് സ്ഥലം മാറിപ്പോയ ഒരു ഉദ്യോഗസ്ഥനിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. കെട്ടിട നന്പർ തട്ടിപ്പിന് പിന്നാലെ കണ്ടെത്തിയ ഈ സംഘടിത തട്ടിപ്പ് തലസ്ഥാന നഗരസഭയ്ക്ക് നാണക്കേടാവുകയാണ്

click me!