
ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ട് (Mullaperiyar Dam) സംബന്ധിച്ച ഹർജികളിൽ സുപ്രീംകോടതിയിൽ (Supreme court) ഇന്നും വാദം തുടരും. ഇന്നലെ ആരംഭിച്ച കേരളത്തിന്റെ വാദമാണ് ആദ്യം പൂർത്തിയാകുക. അണക്കെട്ട് സുരക്ഷിതമല്ലെന്നും അന്താരാഷ്ട്ര വിദഗ്ധർ ഉൾപ്പെടുന്ന സംഘത്തെ കൊണ്ട് സുരക്ഷാ പരിശോധന നടത്തണമെന്നത് അടക്കമുള്ള വാദങ്ങളാണ് കേരളം ഉയർത്തുന്നത്. മുല്ലപ്പെരിയാർ മേല്‍നോട്ട സമിതി പുനസംഘടിപ്പിക്കണമെന്നും കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, അന്താരാഷ്ട്ര വിദ്ഗധർ ഉള്‍പ്പെടുന്ന സംഘത്തെ സുരക്ഷ പരിശോധനക്കായി നിയോഗിക്കേണ്ടതില്ലെന്നാണ് തമിഴ്നാടിന്റെ നിലപാട്. കേരളത്തിന്റെ ആവശ്യങ്ങൾ തള്ളി തമിഴ്നാട് കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. അണക്കെട്ട് സുരക്ഷിതമല്ലെന്നും തമിഴ്നാടിന് വെള്ളം നൽകുന്നതിൽ അല്ല, അണക്കെട്ടിന്റെ സുരക്ഷിതത്വത്തിലാണ് തർക്കമെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.
മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെയും കേരളത്തിലെയും സാങ്കേതിക അംഗങ്ങൾ ഉൾപ്പെടുന്ന സമിതിയാണ് ഉണ്ടാക്കേണ്ടതെന്ന് കേരളം അഭ്യർത്ഥിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിൽ അന്താരാഷ്ട്ര വിദഗ്ധരെ ഉൾപ്പെടുത്തി സുരക്ഷാ പരിശോധന നടത്തണമെന്ന് കേരളം കോടതിയിൽ കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടിരുന്നു. മേല്‍നോട്ട സമിതിയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നു.
ഇതിന് പിന്നാലെയാണ് മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യവും കേരളം ഉയർത്തുന്നത്. എന്നാൽ അന്താരാഷ്ട്ര വിദഗ്ധരുടെ പഠനം ആവശ്യമില്ലെന്ന് തമിഴ്നാട് ഇന്ന് കോടിയിൽ വാദിച്ചു. കേരളത്തിന്റെ ആവശ്യം തള്ളണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സത്യവാങ്മൂലവും നൽകി. അണക്കെട്ടിന്റെ റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ചോർച്ച അടക്കമുള്ള വിഷയങ്ങളിൽ നൽകിയിരിക്കുന്ന ഹർജികളാണ് കോടതി പരിഗണിക്കുന്നത്. കേസിൽ കക്ഷി ചേരാൻ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നൽകിയ അപേക്ഷയും സുപ്രീംകോടതിക്ക് മുൻപിൽ ഉണ്ട്. ജസ്റ്റിസ് എ എം ഖാൻവിൽക്കർ ഉൾപ്പെടുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam