
ഇടുക്കി : വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും. രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിരിക്കുകയാണ്. നിലവിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു. ഡാം തുറന്ന് കഴിഞ്ഞാൽ പെരിയാർ നദിയിലൂടെ ഒഴുകിയാണ് വെള്ളം ഇടുക്കി അണക്കെട്ടിൽ എത്തേണ്ടത്.
1. പെരിയാർ തീരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ ജില്ല ഭരണകൂടം നിർദ്ദേശം
2. നദീ തീരത്തോട് വളരെയടുത്തുള്ള വെള്ളം കയറാൻ സാധ്യതയുള്ള വീടുകളിലുള്ളവർ ആവശ്യമെങ്കിൽ ബന്ധു വീടുകളിലേക്ക് മാറണം
3. ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.
4. 20 ദുരിതാശ്വാസ ക്യമ്പുകൾ ക്രമീകരിക്കും
5. മുല്ലപ്പെരിയാറിൽ നിന്നും പരമാവധി വെള്ളം തുറന്നു വിട്ടാൽ 883 കുടുംബങ്ങളിലെ 3200 ഓളം പേരെയാണ് ബാധിക്കുക.
6. സ്പിൽ വേ ഷട്ടറുകൾ തുറക്കുന്ന സമയത്ത് പെരിയാർ നദിയിൽ കുളിക്കാനും മറ്റുമായി ഇറങ്ങുന്നത് ഒഴിവാക്കണം
7. നദി മുറിച്ചു കടക്കുന്നതും ഒഴിവാക്കണം.
8. തീരദേശ വാസികൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല
9. പെരിയാർ നദിയിലെ ജലനിരപ്പ് കുറവായതിനാൽ മുല്ലപ്പെരിയാർ വെള്ളമെത്തിയാലും കാര്യമായ വർധനവ് ഉണ്ടാകില്ല