ശക്തമായ മഴ; മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി, പ്രദേശത്ത് രണ്ടാം ജാഗ്രത നിർദേശം നല്‍കും

By Web TeamFirst Published Aug 9, 2020, 10:31 PM IST
Highlights

രണ്ടാം ജാഗ്രതാനിർദ്ദേശം കൊടുത്താൽ തീരത്തുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പെരിയാർ തീരത്തെ രണ്ടായിരത്തോളം പേരെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങളെല്ലാം ജില്ലാ ഭരണകൂടം തുടങ്ങി.

ഇടുക്കി: മഴ വീണ്ടും ശക്തമാകുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് എത്തി. പെരിയാറിന്‍റെ തീരത്തുള്ളവർക്കുള്ള രണ്ടാം ജാഗ്രതാനിർദ്ദേശം ജില്ലാ ഭരണകൂടത്തിൽ നിന്ന് ഉടൻ ഉണ്ടാകും. പെരിയാർ തീരത്തെ രണ്ടായിരത്തോളം പേരെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങളെല്ലാം ജില്ലാ ഭരണകൂടം തുടങ്ങി കഴിഞ്ഞു. സെക്കന്റിൽ 5291 ഘനയടിവെള്ളമാണ് ഇപ്പോൾ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 

വൈകാതെ പെരിയാറിന്‍റെ തീരത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികളും തുടങ്ങും. വണ്ടിപ്പെരിയാർ, വള്ളക്കടവ്, ചപ്പാത്ത്, ഉപ്പുതറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി രണ്ടായിരത്തോളം പേരെ ഒഴിപ്പിക്കേണ്ടിവരുമെന്നാണ് കണക്ക്. നാല് വില്ലേജുകളിലായി 12 ക്യാമ്പുകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. കൊവിഡ് ആശങ്കകൾ കൂടി മുന്നിൽക്കണ്ടാണ് ക്യാമ്പുകളൊരുക്കിയിരിക്കുന്നത്. 

അതേസമയം മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് തമിഴ്നാട് കൂട്ടിയതും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് തടയുന്നു. അനുവദനീയമായ ജലനിരപ്പായ 142 ൽ എത്തുമ്പോഴാണ് സ്പിൽവെ ഷട്ടറുകളിലൂടെ അണക്കെട്ടിലെ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുക.

click me!