Mullaperiyar : മുല്ലപ്പെരിയാർ മരം മുറി ഉത്തരവിട്ട ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിച്ചു

By Web TeamFirst Published Dec 9, 2021, 10:24 PM IST
Highlights

മരം മുറിയിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കിൽ അന്വേഷണം അവസാനിക്കും മുന്നേയാണ് സസ്പെൻഷൻ പിൻവലിച്ചത്. 

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ (Mullaperiyar Dam) മരംമുറിക്കുന്നതിന് (Tree Felling)തമിഴ്നാടിന് അനുമതി നൽകിയ വിവാദ ഉത്തരവിട്ട ചീഫ് വൈൽഡ് ലൈഫ് വാർഡൻ  ബെന്നിച്ചൻ തോമസിന്റെ (Bennichan Thomas)സസ്പെൻഷൻ പിൻവലിച്ചു. റിവ്യൂ കമ്മിറ്റി ശുപാർശ അനുസരിച്ചാണ് നടപടി. മരം മുറി ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ സസ്പെൻഷൻ തുടരേണ്ടതില്ല എന്നാണ് ശുപാർശ. ഇതനുസരിച്ചാണ് സസ്പെൻഷൻ പിൻവലിച്ചത്. മുല്ലപ്പെരിയാറിൽ ഇനി തീരുമാനങ്ങൾ വനം മേധാവിയുമായി ആലോചിച്ചു മാത്രം കൈക്കൊള്ളണം എന്നും നിർദേശമുണ്ട്. മരം മുറിയിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കിൽ അന്വേഷണം അവസാനിക്കും മുന്നേയാണ് സസ്പെൻഷൻ പിൻവലിച്ചത്. 

മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരം മുറിക്കാൻ അനുമതി നൽകിയതിന്  നവംബർ 11-നാണ് ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തത്. നടപടിക്ക് പിന്നാലെയാണ്  മന്ത്രിസഭായോഗം ചേർന്ന് വിവാദമരംമുറി ഉത്തരവ് റദ്ദാക്കിയത്.  വലിയ വിവാദങ്ങളുണ്ടാക്കിയ മരം മുറി ഉത്തരവിന് ഒരു ഉദ്യോഗസ്ഥനെ മാത്രം പഴി ചാരി സർക്കാർ തടിതപ്പുകയായിരുന്നുവെന്ന ആരോപണം അന്ന് തന്നെ ഉയർന്നിരുന്നു. 

 ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാനുള്ള അനുമതി മുല്ലപ്പെരിയാറിൽ പുതിയ ഡാമെന്ന കേരളത്തിന്‍റെ ആവശ്യത്തിന്‍റെ കടയ്ക്കൽ കത്തിവെക്കുന്നതാണ്. ജനങ്ങളുടെ ആശങ്ക തള്ളി തമിഴ്നാടിന്‍റെ താല്പര്യം സംരക്ഷിച്ചുവെന്ന ഗുരുതര ആരോപണവും വൻപ്രതിഷേധവും ഉയർന്നതോടെയാണ് മുഖ്യമന്ത്രിയിടപെട്ട് നടപടി മരവിപ്പിച്ചത്. അടിമുടി ദുരൂഹത ബാക്കിനിൽക്കെയാണ് ഉദ്യോഗസ്ഥരെ പഴിചാരി സർക്കാർ മരം മുറി ഉത്തരവ് മരവിപ്പിച്ചതും ഇപ്പോൾ ഒരുമാസം പോലും പിന്നിടും മുന്നേ സസ്പെൻഷൻ പിൻവലിച്ചതും. പിസിസിഎഫും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ബെന്നിച്ചൻ തോമസാണ് മരംമുറിക്ക് അനുമതി നൽകിയതെന്നിരിക്കേ, പൊള്ളുന്ന വിഷയത്തിൽ ഉദ്യോഗസ്ഥൻ മാത്രം എങ്ങിനെ തീരുമാനമെടുക്കുമെന്നുള്ളത് നിർണായക ചോദ്യം ഇപ്പോഴും ബാക്കിയാണ്. 

 

click me!