
തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതിയിലൂടെ മുഖ്യമന്ത്രി മാധ്യമങ്ങളെ നിശബ്ദമാക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സൈബര്‍ ആക്രമങ്ങള്‍ തടയാനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പൊലീസ് ആക്ട് ഭേദഗതിയിലൂടെ നടപ്പാക്കിയ കരിനിയമം മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുന്നതും നിര്‍ഭയമായ അഭിപ്രായ സ്വാതന്ത്ര്യം നിരോധിക്കുന്നതുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിച്ചു. ഇത് തികഞ്ഞ ഫാസിസമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് ഇടപാട്, കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഭൂമി ഇടപാട് ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളും തെളിവുകളും ഓരോ ദിവസവും സര്‍ക്കാരിനെയും മന്ത്രിമാരെയും കേന്ദ്രീകരിച്ചാണ് പുറത്ത് വരുന്നത്. ഇതില്‍ പലതും മാധ്യമങ്ങളാണ് പുറത്തു കൊണ്ടുവന്നത്. സര്‍ക്കാരിനെതിരായ എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഈ പത്രമാരണ നിയമം. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ജയിലിടക്കുക എന്ന ഫാസിസ്റ്റ് നടപടിയാണ് മുഖ്യമന്ത്രി നടപ്പാക്കിയതെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.
അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന 2000ലെ ഐടി ആക്ടിലെ 66 എ, 2011 ലെ കേരള പോലീസ് ആക്ട് 118(ഡി) വകുപ്പുകള്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇത്തരമൊരു കരിനിയമത്തെ കുറിച്ച് സീതാറാം യെച്ചൂരി എന്തുകൊണ്ട് പ്രതികരിക്കാന്‍ തയ്യാറായില്ല. യെച്ചൂരിയുടെ മൗനം ഈ കരിനിയമത്തെ പൂര്‍ണ്ണമായും അനുകൂലിക്കുന്നതിന് തുല്യമാണ്. ഇത് ദൗര്‍ഭാഗ്യകരമാണ്. മാധ്യമസ്വാതന്ത്ര്യം തകര്‍ക്കുന്ന നരേന്ദ്ര മോദിയുടെ പാതയില്‍ തന്നെയാണ് മുഖ്യമന്ത്രിയും സഞ്ചരിക്കുന്നത്. വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ നേരിടുന്ന ഏകാധിപതികളാണ് ഇരുവരും. ബിജെപിയുടെ മാധ്യമവിരുദ്ധ നയങ്ങളാണ് കേരളത്തില്‍ മുഖ്യമന്ത്രി നടപ്പാക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
പത്രമാരണ നിയമം ജനാധിപത്യ വിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ്. വാറന്റ് ഇല്ലാതെ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കുന്ന ഈ ഭേദഗതി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. സ്ത്രീകള്‍ക്കെതിരായ അധിക്ഷേപങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളും കര്‍ശനമായി തടയേണ്ടതാണ്. പക്ഷെ ഇതുപോലൊരു കരിനിയമം കൊണ്ടുവന്നല്ല അതിനെ നേരിടേണ്ടത്. സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനത്തെ തടയുകയും മാധ്യമപ്രവര്‍ത്തകരെ ജയിലടക്കുകയും ചെയ്യുന്ന ഈ പത്രമാരണ നിയമം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam