സിപിഎം വിമർശനങ്ങൾക്കിടെ കെപിസിസി പ്രസിഡന്‍റ് ഇന്ന് പാണക്കാട്ട്; ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

By Web TeamFirst Published Jan 29, 2021, 9:14 AM IST
Highlights

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം ഹൈദരലി ശിഹാബ് തങ്ങളെ കണ്ടിരുന്നു. ഇതിനെതിരെ ശക്തമായ വിമർശനവുമായി എ വിജയരാഘവൻ രംഗത്തുവന്നതിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷനും പാണക്കാട്ടേക്ക് എത്തുന്നത്.
 

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫില്‍ സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് ലീഗ് നേതാക്കളെ കാണും. രാവിലെ 9 മണിയോടെ പാണക്കാട് എത്തി മുല്ലപ്പള്ളി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെക്കാണും. സൗഹൃദ സന്ദർശനത്തിനാണ് വരുന്നതെന്ന് ലീഗ് നേതൃത്വം അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം ഹൈദരലി ശിഹാബ് തങ്ങളെ കണ്ടിരുന്നു. ഇതിനെതിരെ ശക്തമായ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ രംഗത്തുവന്നതിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷനും പാണക്കാട്ടേക്ക് എത്തുന്നത്.

യാകോബായ സഭ നേതൃത്വവുമായും കോൺഗ്രസ് നേതാക്കള്‍ ഇന്ന് ചർച്ച നടത്തും. സഭാ ആസ്ഥാനമായ എറണകുളം പുത്തൻ കുരിശിൽ എത്തി ബസേലിയോസ് തോമസ് പ്രഥമൻ ബാവയുമായിട്ടാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തുക. വൈകിട്ട് നാലിനാകും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എത്തുക. ഇടതുമുന്നണിക്ക് അനുകൂലമായി യാക്കോബായ സഭ പരസ്യ നിലപാട് സ്വീകരിച്ചിരിക്കെയാണ് സന്ദർശനം. പള്ളിത്തർക്കത്തിൽ ഓർഡിനസ് കൊണ്ടുവരുന്ന കാര്യം യാകോബസഭാ നേതൃത്വം ഉന്നയിക്കും. ഇതിനിടെ മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ളയും പുത്തൻ കുരിശിലെ സഭാ ആസ്ഥാനത്ത് ഇന്ന് എത്തുന്നുണ്ട്. യാക്കോബായ ഓർത്തോഡോക്സ് പള്ളിത്തർക്കം പരിഹിക്കാനാണ് പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം ശ്രീധരൻപ്പിള്ള എത്തുന്നത്. 

അതേസമയം, ബിജെപി സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തൃശ്ശൂരിൽ ചേരും. സ്ഥാനാർത്ഥി നിർണയത്തെ കുറിച്ചുള്ള പ്രാഥമിക ചർച്ചകൾ യോഗത്തിലുണ്ടാകും. എ പ്ലസ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. നേമത്ത് കുമ്മനത്തെയും, വട്ടിയൂർക്കാവിൽ വി.വി.രാജേഷ്, അടക്കമുള്ള നേതാക്കളെ ഇറക്കാനാണ് പ്രാഥമിക ധാരണ. സംസ്ഥാന ജനറൽ സെക്രട്ടറിമാർ എല്ലാവരും മത്സരരംഗത്തുണ്ടാകും. അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കുമോ എന്നതിൽ അന്തിമ തീരുമാനമായിട്ടില്ല, ഇക്കാര്യത്തിൽ കേന്ദ്രത്തിന്റേ തീരുമാനം നിർണായമാകും. കേരളത്തിന്റെ ചുമതലയുള്ള സി പി രാധാകൃഷ്ണൻ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും. നേതൃത്വത്തിന് എതിരായ അതൃപ്തി പരസ്യമാക്കിയ ശോഭാ സുരേന്ദ്രൻ, യോഗത്തിന് പങ്കെടുത്തേക്കില്ല.

click me!