കുറച്ച് കാലമായി കെ മുരളീധരൻ പറയുന്നതൊന്നും കേൾക്കാറില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

By Web TeamFirst Published Oct 21, 2020, 11:39 AM IST
Highlights

സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നു എന്ന് ആരോപിച്ച് ഈയിടെയാണ് പാർട്ടിയുടെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരൻ രാജിവച്ചത്

തിരുവനന്തപുരം: സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിനെതിരെ ശക്തമായ വിമർശനം ഉന്നയിക്കുന്ന കെ മുരളീധരന് മറുപടിയുമായി പാർട്ടി സംസ്ഥാന അധ്യക്ഷൻ. ജോസ് കെ മാണി മുന്നണി വിട്ടതിൽ കെ മുരളീധരൻ രാഷ്ട്രീയ വിവാദം ഉണ്ടാക്കുന്നത് ശരിയല്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഈ വിഷയത്തിൽ പാർട്ടിയിൽ വേണ്ടത്ര ചർച്ച നടന്നിട്ടില്ലെന്ന് മുരളീധരൻ പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ല. സൂം മീറ്റിങ്ങിലാണ് ചർച്ച നടന്നത്. ഓരോ നേതാക്കളും എന്തൊക്കെയാണ് യോഗത്തിൽ സംസാരിച്ചത് എന്നതിനടക്കം തെളിവുണ്ട്. വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടെന്ന മുരളീധരന്റെ പ്രതികരണം താൻ കേട്ടിട്ടില്ല. കുറച്ചുകാലമായി മുരളീധരൻ പറയുന്നതൊന്നും താൻ കാണാറില്ലെന്നും കെപിസിസി അധ്യക്ഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് കെ മുരളീധരൻ ഉന്നയിക്കുന്നത്. സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നു എന്ന് ആരോപിച്ച് ഈയിടെയാണ് പാർട്ടിയുടെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരൻ രാജിവച്ചത്. ആവശ്യമില്ലാത്ത സ്ഥലത്ത് നിൽക്കണ്ടല്ലോ എന്ന് കരുതിയാണ് രാജിയെന്നായിരുന്നു ഇതിന് ശേഷം നടത്തിയ പ്രതികരണം. ജോസ് കെ മാണി മുന്നണി വിട്ടതിൽ നേതൃത്വത്തിന് തെറ്റ് സംഭവിച്ചുവെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. വെൽഫെയർ പാർട്ടിയുമായി കോഴിക്കോട് ധാരണയുണ്ടാക്കിയെന്നും യുഡിഎഫ് തീരുമാന പ്രകാരമാണ് ഇതെന്നും ഇന്നലെ അദ്ദേഹം പറഞ്ഞിരുന്നു.

click me!