'ശ്രീ എമ്മിന് ദ്രുതഗതിയില്‍ ഭൂമി അനുവദിച്ചതില്‍ ദുരൂഹത'; അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി

By Web TeamFirst Published Mar 2, 2021, 5:09 PM IST
Highlights

ശ്രീ എമ്മിന് യോഗാ സെന്‍റര്‍ തുടങ്ങാൻ തിരുവനന്തപുരം നഗരത്തിൽ നാലേക്കർ ഭൂമി പിണറായി സർക്കാർ പാട്ടത്തിന് നല്‍കിയതാണ് വിവാദങ്ങളുടെ തുടക്കം. 
 

തിരുവനന്തപുരം: യോഗാചാര്യൻ ശ്രി എമ്മിന് സർക്കാർ ഭൂമി ദ്രുതഗതിയില്‍ കൊടുത്തതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും മുല്ലപ്പള്ളി. സിപിഎം-ബിജെപി ധാരണ നേരത്തെ വ്യക്തമായതാണെന്നും ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും മുല്ലപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശ്രീ എമ്മിന് യോഗാ സെന്‍റര്‍ തുടങ്ങാൻ തിരുവനന്തപുരം നഗരത്തിൽ നാലേക്കർ ഭൂമി പിണറായി സർക്കാർ പാട്ടത്തിന് നല്‍കിയതാണ് വിവാദങ്ങളുടെ തുടക്കം. 

2019ൽ അക്രമരാഷ്ട്രീയം അവസാനിപ്പിക്കാൻ ശ്രീ എമ്മിന്‍റെ മധ്യസ്ഥതയിൽ ആർഎസ്എസ്- സിപിഎം നേതാക്കൾ രഹസ്യ ചർച്ച നടത്തിയിരുന്നു. സിപിഎമ്മിനും ആർഎസ്എസിനും ഇടയിലെ പാലമായ ശ്രീ എമ്മിനെ സന്തോഷിപ്പിക്കാനാണ് സർക്കാർ ഭൂമി നൽകിയത് എന്നാണ് ഉയർന്നുവന്ന വിവാദം. ഇതിന് പിന്നാലെയാണ്  ആർഎസ്എസുമായുള്ള ചർച്ചയിൽ ശ്രീ എം ഇടനില നിന്നില്ലെന്ന് വ്യക്തമാക്കി എംവി ഗോവിന്ദൻ രംഗത്തെത്തിയത്.

എംവി ഗോവിന്ദനെ തള്ളിയ പി ജയരാജൻ തിരുവനന്തപുരത്തും കണ്ണൂരുമായി ശ്രീ എമ്മിന്‍റെ മധ്യസ്ഥതയിൽ രണ്ടുതവണ ചർച്ച നടന്നെന്ന് വ്യക്തമാക്കി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും ആർഎസ്എസ് നേതാവ് ഗോപാലൻ കുട്ടി മാസ്റ്ററും ചർച്ചയിൽ പങ്കെടുത്തിരുന്നു. സമാധാന ചർച്ചയെ രഹസ്യ ബാന്ധവമായി ചിത്രീകരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടയാണെന്നും ചർച്ച നടന്നെന്നകാര്യം പാർട്ടി ഒളിച്ചുവയ്ക്കേണ്ടതില്ല എന്നുമാണ് ജയരാജന്‍റെ നലപാട്. 

click me!