
മുംബൈ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന ബിഹാര്‍ സ്വദേശിയുടെ പരാതിയില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന് മുംബൈ പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. ബിനോയ് ആണോ കുട്ടിയുടെ പിതാവ് എന്ന് തെളിയിക്കാൻ ഇത് അത്യാവശ്യമാണെന്നാണ് പൊലീസ് പറയുന്നത്.
ഡിഎൻഎ സാമ്പിൾ എടുക്കാൻ ബിനോയിയെ കസ്റ്റഡിയിൽ എടുക്കണം. ബിനോയ് ഒളിവിൽ ആയതിനാൽ അന്വേഷണം മുന്നോട്ടു നീങ്ങുനില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു.
എന്നാല്‍ പ്രതിഭാഗം ഡിഎന്‍എ പരിശോധനയെ കോടതിയില്‍ എതിര്‍ത്തു. യുവതിയുടെ പരാതി വ്യാജമായതിനാൽ ഡിഎൻഎ പരിശോധനയുടെ ആവശ്യമില്ലെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം ബിനോയ് കോടിയേരി നൽകിയ ജാമ്യഹർജി വിധി പറയാനായി മുംബൈ കോടതി മാറ്റിവച്ചു. മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് ബിനോയ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കെട്ടിച്ചമച്ച തെളിവുകൾ വച്ചാണ് യുവതി പരാതിയുണ്ടാക്കിയിരിക്കുന്നതെന്ന് ബിനോയ് കോടിയേരിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുകയാണ് യുവതിയുടെ ലക്ഷ്യം. കേസ് കെട്ടിച്ചമച്ചതാണ് എന്നതിന് യുവതി നൽകിയ പരാതി തന്നെയാണ് തെളിവെന്നും അഭിഭാഷകൻ പറഞ്ഞു. യുവതി നൽകിയ പരാതിയും പൊലീസിന്‍റെ എഫ്ഐആറും പരിശോധിച്ചാൽ മനസ്സിലാവുന്നത് ഇവർ ദമ്പതികളെ പോലെ ജീവിച്ചു എന്നാണെന്നും പിന്നെ എങ്ങനെയാണ് ഇതിൽ ബലാത്സംഗക്കുറ്റം നിലനിൽക്കുകയെന്നും ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ ചോദിച്ചു.
മുംബൈയിൽ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തു എന്ന് യുവതി പറയുന്ന സമയത്ത് ബിനോയ് ദുബായിലായിരുന്നുവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. മുംബൈ ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ അശോക് ഗുപ്തയാണ് ബിനോയ് കോടിയേരിക്ക് വേണ്ടി കോടതിയില്‍ ഹാജരായിരിക്കുന്നത്.
ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് ബിനോയിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാഹിതനാണെന്ന വിവരം മറച്ചു വച്ചാണ് ബിനോയ് തനിക്ക് വിവാഹവാഗ്ദാനം നല്‍കുകയും പീഡിപ്പിക്കുകയും ചെയ്തതെന്നും ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള ഒരു മകന്‍ തനിക്കുണ്ടെന്നും പരാതിയില്‍ യുവതി ആരോപിച്ചിരുന്നു.
യുവതിയുടെ പരാതിയില്‍ കേസെടുത്ത മുംബൈ പൊലീസ് അന്വേഷണത്തിനായി കണ്ണൂരിലെത്തിയെങ്കിലും ബിനോയിയെ കണ്ടെത്താന്‍ സാധിച്ചില്ല. ബിനോയ് ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം. മൊബൈല്‍ ഫോണുകളെല്ലാം സ്വിച്ച്ഡ് ഓഫായ നിലയിലാണ്. ലൈംഗികപീഡനം, വഞ്ചന തുടങ്ങി ഗുരുതര കുറ്റങ്ങളാണ് ബിനോയിയുടെ പേരിലുള്ളത് എന്നും ജാമ്യഹർജിയെ എതിർക്കുമെന്നും കേസ് അന്വേഷിക്കുന്ന മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam