കണ്ണൂർ: മുംബൈ സ്വദേശിനിയുടെ പീഡന പരാതിയിൽ ഒളിവിൽ പോയ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിയെ കണ്ടെത്താൻ മുംബൈ പൊലീസ് പരിശോധന തുടരുന്നു. ബിനോയ് കേരളം വിട്ടെന്നുള്ള സൂചന പൊലീസിന് കിട്ടിയിട്ടുണ്ട്.
അതേസമയം ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ മുംബൈ സെഷൻസ് കോടതി നാളെയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. ബിനോയിയെ കസ്റ്റഡിയിലെടുക്കുന്നതിന് കോടതിയുടെ തീരുമാനം വരുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്. ഒളിവിലുള്ള പ്രതി രാജ്യം വിട്ട് പോകാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഇപ്പോൾ കേരളത്തിലുള്ള മുംബൈ പൊലീസ് സംഘം ഇന്നും വിവരശേഖരണത്തിനായി പരിശോധന നടത്തും. യുവതി നൽകിയ ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. പരിശോധനാ ഫലം ലഭിച്ചതിന് ശേഷം മാത്രമേ പൊലീസ് മറ്റ് നിയമ നടപടികളിലേക്ക് കടക്കൂ. അതേസമയം എല്ലാ ദിവസവും സ്റ്റേഷനിലെത്തി, പൊലീസിന് മേൽ പരാതിക്കാരി സമ്മർദ്ദം ശക്തമാക്കുകയാണ്.
ബിഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് ബിനോയിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാഹിതനാണെന്ന വിവരം മറച്ച് വച്ചാണ് ബിനോയ് തനിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും പീഡിപ്പിക്കുകയും ചെയ്തെന്നും ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള ഒരു മകന്‍ തനിക്കുണ്ടെന്നും പരാതിയില്‍ യുവതി ആരോപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam